കോഴിക്കോട്: കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ തുടക്കമായപ്പോൾ മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണെൻറ ഓർമകൾ മൂന്നു പതിറ്റാണ്ട് പിറകോട്ട് സഞ്ചരിക്കുകയാണ്. 1990ലെ ഗൾഫ് യുദ്ധത്തിന് മുന്നോടിയായി വൻ ഒഴിപ്പിക്കലിന് രാജ്യം സാക്ഷ്യം വഹിച്ചതിെൻറ സ്മരണ.
കുവൈത്തിൽനിന്ന് 1.70 ലക്ഷം പേരെ 500 ഓളം വിമാനങ്ങളിൽ നാട്ടിലെത്തിച്ചപ്പോൾ വി.പി. സിങ് സർക്കാറിലെ കരുത്തനായ കാബിനറ്റ് മന്ത്രിയായിരുന്നു ഉണ്ണികൃഷ്ണൻ. ഭരണപാടവവും സാധാരണക്കാരോടുള്ള അനുകമ്പയും മുഖമുദ്രയായ ഈ നേതാവിെൻറ പങ്ക് അന്നത്തെ ദൗത്യത്തിൽ നിർണായകമായിരുന്നു. അന്ന് യുദ്ധഭീതിയിൽ പലായനം ചെയ്തവരെയടക്കം സുരക്ഷിതമായി നാട്ടിലെത്തിച്ചത് തികച്ചും സൗജന്യമായായിരുന്നു. കോവിഡ് കാലത്ത് പ്രവാസികളെ സൗജന്യമായി എത്തിക്കാനാവില്ലെന്ന കേന്ദ്ര സർക്കാറി െൻറ നിലപാടിനോട് ഇദ്ദേഹത്തിന് യോജിപ്പില്ല.
കഷ്ടതയനുഭവിക്കുന്നവരെ സഹാനുഭൂതിയോടെ കൈപിടിച്ചുയർത്തുകയെന്ന കടമയാണ് അന്ന് സർക്കാർ പൂർത്തിയാക്കിയതെന്ന് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ ദുരിതകാലത്ത് വിമാനക്കൂലി വാങ്ങാതെ പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അന്നും പണം വാങ്ങി കൊണ്ടുവരണമെന്ന് പല ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, താനടക്കമുള്ളവർ സൗജന്യ സേവനത്തിനായി വാദിച്ചു.
മഹാമാരിയെ തുടർന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതും യുദ്ധഭീതിയിൽ ഒഴിപ്പിക്കുന്നതും ഏറെ വ്യത്യാസമുണ്ടെന്നും മുൻ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. രണ്ടു പശ്ചാത്തലമാണെങ്കിലും 1990ലെ ഒഴിപ്പിക്കൽ ഏറെ ദുഷ്കരമായിരുന്നു.
വിദേശകാര്യമന്ത്രി ഐ.കെ. ഗുജ്റാളിനായിരുന്നു ആദ്യം ചുമതല. പിന്നീടാണ് താൻ ദൗത്യം ഏറ്റെടുത്തത്. കുവൈത്തിനെ ആക്രമിച്ച സദ്ദാം ഹുസൈനെ കാണാൻപോയത് ഉണ്ണികൃഷ്ണന് മറക്കാനാവില്ല.
ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനോട് സദ്ദാമിന് അനുകൂല നിലപാടായിരുന്നു. എങ്കിലും സ്വന്തം താൽപര്യം സംരക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. അജ്ഞാത കേന്ദ്രത്തിലേക്ക് വിമാനത്തിൽ പോയാണ് സദ്ദാമുമായി ചർച്ച നടത്തിയത്. ഇറാഖിലായിരുന്നോ, അതോ കുവൈത്തിലായിരുന്നോ സദ്ദാമുണ്ടായിരുന്നത് എന്ന് വ്യക്തമല്ല.
കപ്പൽ വഴി പ്രവാസികളെ എത്തിക്കാനുള്ള നീക്കത്തെ അമേരിക്കയും ചില തുറമുഖ അധികാരികളും എതിർത്തിരുന്നതായും കെ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. മുൻ സർക്കാറിെൻറ വിമാന ഇടപാടുമായി ബന്ധപ്പെട്ട് വിമാനയാത്രക്കുണ്ടായിരുന്ന വിലക്ക് നീക്കിയായിരുന്നു അന്നത്തെ ഒഴിപ്പിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.