പ്രവാചക നിന്ദ: വീടുകള്‍ തകർത്ത യു.പി സര്‍ക്കാർ നടപടി ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കും, പ്രതിഷേധങ്ങള്‍ അതിരുവിടരുത് -കാന്തപുരം

കോഴിക്കോട്: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്ന യു.പി സര്‍ക്കാർ നടപടി ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍. പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്നും അങ്ങേയറ്റത്തെ സംയമനമാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രവാചക നിന്ദയ്ക്കെതിരെ പ്രതികരിച്ചവര്‍ നിയമം ലംഘിച്ചെങ്കില്‍ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. ആ നിയമം അവഗണിച്ച് അവരുടെ വാസസ്ഥാനങ്ങളും ജീവിതോപാധികളും നശിപ്പിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള നീക്കമാണ്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. നമ്മുടെ രാജ്യത്തിന്റെ പ്രൗഢിയും തലയെടുപ്പും ഇവര്‍ മനസ്സിലാക്കുന്നില്ല. ലോകത്തെ മുഴുവന്‍ അറബ് മുസ്‍ലിം രാജ്യങ്ങളിലും ഇന്ത്യക്കാരനാണെന്ന് പറഞ്ഞ് എഴുന്നേറ്റ് നില്‍ക്കുമ്പോഴുള്ള അഭിമാനബോധവും ആ രാജ്യങ്ങള്‍ക്ക് നമ്മുടെ ജനാധിപത്യ രാഷ്ട്രത്തോടുള്ള ആദരവും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് നാം. ആള്‍ക്കൂട്ടക്കൊലയും ഹിജാബ് നിരോധനവും പൗരത്വനിയമവുമൊക്കെ ജനാധിപത്യ മാര്‍ഗത്തില്‍ ചോദ്യം ചെയ്തവരെ, കിടപ്പാടങ്ങള്‍ തകര്‍ത്തും സ്വത്തുവകകള്‍ നശിപ്പിച്ചും നേരിടാനുള്ള നീക്കം അത്യന്തം ലജ്ജാകരമാണ്. ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കും. നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീര്‍പ്പ് കല്‍പിക്കേണ്ടത് കോടതികളുമാണ്. നിയമനടപടികള്‍ പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുത് -കാന്തപുരം ആവശ്യപ്പെട്ടു.

അതേസമയം പ്രവാചകരെ നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ചവര്‍ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്തതെന്നും ഇതിന് രാജ്യത്തെ ബഹുഭൂരിഭാഗം ഹൈന്ദവ സഹോദരങ്ങളും ഉത്തരവാദികളല്ലെന്നും കാന്തപുരം ആവര്‍ത്തിച്ചു.

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യസംവിധാനത്തില്‍ എല്ലാവര്‍ക്കുമുണ്ടെന്നും അതേസമയം പ്രതിരോധങ്ങള്‍ അതിരുവിടുന്നത് അംഗീകരിക്കാനാവില്ല. വിമാനത്തിലെ പ്രതിഷേധം ശരിയായില്ല. നമ്മുടെ രാജ്യവും ജനങ്ങളും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ക്രിയാത്മക രാഷ്ട്രീയ സംവാദങ്ങള്‍ക്കും ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കുമപ്പുറം പരിധിവിടുന്ന ഇത്തരം സമരമുറകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒഴിവാക്കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.

Tags:    
News Summary - Remarks against Prophet Muhammed: UP government's demolition drive will destroy the foundation of democracy- Kanthapuram AP Abubakr musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.