അഗളി/മണ്ണാർക്കാട്: മദ്യക്കടത്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. മണ്ണാർക്കാട് ആനമൂളി തട്ടാരടിയിൽ വീട്ടിൽ ടിജോയാണ് (40) മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 14നാണ് അട്ടപ്പാടിയിലേക്ക് അഞ്ച് ലിറ്റർ വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ അഗളി പൊലീസ് ടിജോയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പാലക്കാട് ജില്ല ജയിലിലേക്ക് മാറ്റിയതായിരുന്നു. ഞായറാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.
മുമ്പ് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ ടിജോക്ക് ഇടക്കിടെ നെഞ്ചുവേദനയുണ്ടാകാറുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാറുണ്ടെന്നും ജില്ല ജയിൽ സൂപ്രണ്ട് എസ്. ശിവദാസ് പറഞ്ഞു. ഞായറാഴ്ചയും നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ വ്യക്തതയുണ്ടാകൂ. തട്ടാരടിയിൽ വീട്ടിൽ തോമസ്-സിസിലി ദമ്പതികളുടെ മകനാണ് ടിജോ. ഭാര്യ: ഭാഗ്യലക്ഷ്മി.
അതേസമയം, അനാസ്ഥ ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. ഹൃദ്രോഗിയായ ടിജോയെ കടുത്ത നെഞ്ചുവേദനയനുഭവപ്പെട്ടപ്പോഴും ആംബുലൻസ് വിളിക്കാതെ ബസിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ആരോപണമുയർന്നിട്ടുണ്ട്.
ജില്ല ആശുപത്രിയിൽനിന്ന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും പറയുന്നു. മൃതദേഹം എത്തുന്ന ചൊവ്വാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. ഉന്നതതല അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് (എം) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.