സന്ധ്യയുടെ ബന്ധു അശോകൻ
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസുകാരിയ കൊലപ്പെടുത്തിയ അമ്മ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി ബന്ധുവും അയൽവാസിയുമായ അശോകൻ. ഐസ്ക്രീമിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചപ്പോൾ മുതിർന്ന കുട്ടി ബഹളം വെച്ചതോടെയാണ് സന്ധ്യ ഈ ശ്രമത്തിൽ നിന്ന് പിന്മാറിയതെന്ന് അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
'സന്ധ്യയുടെ വീട്ടിൽ വെച്ച് കുഞ്ഞിനെ വിഷം ചേർത്തുകൊല്ലാൻ ശ്രമിച്ചപ്പോൾ മൂത്ത കുട്ടി ബഹളം ഉണ്ടാക്കി, തുടർന്ന് ടോർച്ചെടുത്ത് തലക്കടിച്ചതോടെ അവിടെത്തെ അമ്മ മക്കളെ ഇവിടെ കൊണ്ടുവിടുകയായിരുന്നു. അമ്മ തന്നെയാണ് പറഞ്ഞത് മക്കളെ കൊല്ലാൻ ശ്രമിച്ചത്. പൊലീസിൽ പഞ്ചായത്തംഗം ഇടപെട്ട് പരാതി നൽകിയിരുന്നു. തുടർന്ന് കൗൺസിലിങ്ങൊക്കെ കൊടുത്തിരുന്നു'-അശോകൻ പറഞ്ഞു.
സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും മുൻപും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതാണ് ഭർത്താവ് സുഭാഷും മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തിൽ സന്ധ്യയുടെ ചേച്ചിക്കും അമ്മക്കും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി സുഭാഷ് പറഞ്ഞു.
അതേസമയം, മൂന്നരവയസുകാരി കല്യാണിയുടെ മരണത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. ഭർതൃവീട്ടിലെ പ്രശ്നങ്ങളും പൊലീസ് അന്വേഷിക്കും. കുട്ടിയെ പുഴയിലെറിഞ്ഞതായി സന്ധ്യ മൊഴിനൽകിയതിനെ തുടർന്നുള്ള തിരച്ചിലിൽ ഇന്ന് പുലർച്ചെ 2.20ഓടെയാണ് മൂഴിക്കുളം പാലത്തിന് സമീപത്തുനിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് സന്ധ്യ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ വൈകീട്ട് 3.30ഓടെ പണിക്കരുപടിയിലുള്ള അംഗൻവാടിയിൽ നിന്ന് സന്ധ്യ കല്യാണിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാൽ, വൈകീട്ട് തനിച്ചാണ് സന്ധ്യ വീട്ടിലെത്തിയത്. കുഞ്ഞെവിടെയെന്ന് ബന്ധുക്കൾ ചോദിച്ചപ്പോൾ ബസ് യാത്രക്കിടെ കാണാതായെന്നായിരുന്നു സന്ധ്യയുടെ മറുപടി. തുടർന്ന് പൊലീസിനെ അറിയിക്കുകയും വ്യാപക തിരച്ചിൽ നടത്തുകയുമായിരുന്നു.
പൊലീസ് ചോദ്യംചെയ്യലിനിടെയാണ് കുഞ്ഞിനെ മൂഴിക്കുളത്ത് പുഴയിൽ ഉപേക്ഷിച്ചതായി സന്ധ്യ മൊഴിനൽകിയത്. മൂഴിക്കുളത്ത് കുഞ്ഞുമായി എത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സന്ധ്യയെ പൊലീസ് സ്ഥലത്തെത്തിച്ച് ഇവർ കാണിച്ച സ്ഥലത്തും തിരച്ചിൽ നടത്തി. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ നടത്തിയത്. തിരച്ചില്‍ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു.കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞുകിടക്കുകയായിരുന്നു മൃതദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.