ഷവർമ വിൽപന സ്ഥാപനങ്ങളിൽ നിരന്തര പരിശോധന അനിവാര്യം -ഹൈകോടതി

കൊച്ചി: ഷവർമപോലുള്ള ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ നിരന്തര പരിശോധനകൾ നടത്തണമെന്ന് ഹൈകോടതി. പരിശോധനക്ക് അധികൃതർ കൃത്യമായ മേൽനോട്ടം വഹിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കാസർകോട് ചെറുവത്തൂരിൽ ദേവനന്ദയെന്ന പെൺകുട്ടി ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഉത്തരവ്.

സംഭവത്തെ തുടർന്ന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് പുതിയ നിർദേശങ്ങൾ ഉൾപ്പെടുത്തി 10 ദിവസത്തിനകം സത്യവാങ്മൂലം നൽകാനും ഉത്തരവിട്ടു. തുടർന്ന് ഹരജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. ഭക്ഷ്യസുരക്ഷ പരിശോധന കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒരു ജീവൻ പൊലിയില്ലായിരുന്നുവെന്ന് നേരത്തേ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം ദുരന്തങ്ങൾ ഇനി ഉണ്ടാകാത്ത വിധമുള്ള നടപടിയാണ് ഉണ്ടാകേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.

പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ ഷവർമ വിൽപന നടത്തിയ ഐഡിയൽ കൂൾ ബാർ എന്ന സ്ഥാപനത്തിനും ഇവർക്ക് ചിക്കൻ വിതരണം ചെയ്യുന്ന ബദരിയ ചിക്കൻ സെന്ററിനും ഭക്ഷ്യസുരക്ഷ ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് സർക്കാർ വിശദീകരണം നൽകിയിരുന്നു.

Tags:    
News Summary - Regular inspection of Shawarma outlets is mandatory -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.