തിരുവനന്തപുരം: ഒമ്പതര വർഷത്തെ നേട്ടങ്ങളുടെ പ്രചാരണത്തിന് റീലുകളും വിഡിയോയും തയാറാക്കാൻ കെ.എസ്.ഇ.ബി. റീലുകൾക്കൊപ്പം ഹ്രസ്വചിത്രങ്ങൾ, കഥാചിത്രങ്ങൾ തുടങ്ങിയവയാണ് തയാറാക്കുക. സർക്കാറിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇടുക്കിയിലെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം വിപുലമായി നടത്താൻ ലക്ഷ്യമിടുന്നുണ്ട്. ഇതിന്‍റെ വിഡിയോയും തയാറാക്കും. ഇതിന് കെ.എസ്.ഇ.ബി താൽപര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി ആദ്യവാരം തന്നെ റീലുകൾ, വിഡിയോകൾ എന്നിവയുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ, ദൃശ്യമാധ്യമങ്ങൾ തുടങ്ങിയവ വഴി പ്രചരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പവർകട്ടില്ലാത്ത കേരളം സാധ്യമായി എന്നതാണ് ഉൗർജവകുപ്പ് കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ പ്രധാന നേട്ടമായി അവതരിപ്പിക്കുന്നത്. എന്നാൽ ആഭ്യന്തര ഉൽപാദനത്തിൽ വലിയ മുന്നേറ്റം കൈവരിക്കാനാകാത്തത് യാഥാർഥ്യമായി നിലനിൽക്കുന്നു. പുരപ്പുറ സൗരോർജ പ്ലാന്‍റുകൾ വ്യാപകമായതോടെ സൗരോർജ ഉൽപാദന മേഖലയിൽ വൻ മുന്നേറ്റം കൈവരിക്കാനായെന്നത് നേട്ടമാണ്.
എന്നാൽ സൗരോർജ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല കെ.എസ്.ഇ.ബിയിൽ നിന്നും ഊർജവകുപ്പിൽ നിന്നും ഉണ്ടായതെന്ന വിമർശം നിലനിൽക്കുന്നു. സൗരോർജ ഉൽപാദനം വർധിച്ചത് തങ്ങളുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചുവെന്ന പരസ്യ നിലപാട് കെ.എസ്.ഇ.ബി സ്വീകരിക്കുകയും ചെയ്തു. സൗരോർജ ഉൽപാദകരും കെ.എസ്.ഇ.ബിയും തമ്മിലെ പോരിന് റഗുലേറ്ററി കമീഷന്‍റെ തെളിവെടുപ്പുകളടക്കമുള്ള വേദികൾ പലപ്പോഴും സാക്ഷിയായി. സോളാറിൽ നിന്നടക്കമുള്ള പകൽ വൈദ്യുതി രാത്രിയും ശേഖരിക്കാവുന്ന ‘ബെസ്’ പദ്ധതിയടക്കം വൈദ്യുത മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങിവെക്കാനായത് നേട്ടമായി ഊർജവകുപ്പ് ചൂണ്ടിക്കാട്ടുന്നു. മുടങ്ങിക്കിടന്ന പല ജല വൈദ്യുത പദ്ധതികളുടെയും നിർമാണം വേഗത്തിലാക്കിയതും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നാണ് സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.