പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനം റിക്രൂട്മെന്‍റ് ബോർഡ് വഴി

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പി.എസ്.സിക്ക് വിടാത്ത 503 തസ്തികകളിലെ നിയമനം നിർദിഷ്ട കേരള പബ്ലിക് എന്‍റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്മെന്‍റ് ബോർഡ് വഴി നടത്തുമെന്ന് മന്ത്രി പി. രാജീവ്.

നിയമസഭയിൽ കേരള പബ്ലിക് എന്‍റർപ്രൈസസ് (സെലക്ഷനും റിക്രൂട്മെന്‍റും) ബോർഡ് ബില്ലിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമനം പി.എസ്.സിക്ക് വിട്ട തസ്തികകൾ തിരിച്ചെടുക്കില്ല. നിയമനത്തിന് സുതാര്യ രീതിയായിരിക്കും സ്വീകരിക്കുക. നിയമന പരീക്ഷയിൽ ലഭിക്കുന്ന സ്കോർ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തുന്ന സംവിധാനം കൊണ്ടുവരും.

സർക്കാർ നിയമിക്കുന്ന ചെയർപേഴ്സനും നാല് അംഗങ്ങളും അടങ്ങുന്നതാകും പൊതുമേഖല സ്ഥാപനങ്ങൾക്കായുള്ള റിക്രൂട്മെന്‍റ് ബോർഡ്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവി വഹിക്കുന്നവരോ വഹിച്ചിരുന്നവരോ ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്‍റെ ബോർഡിലെ അംഗം എന്ന നിലയിൽ പ്രവൃത്തി പരിചയമുള്ളവരോ കേന്ദ്ര/ സംസ്ഥാന സർക്കാറിന്‍റെ 'എ' വിഭാഗത്തിൽപെട്ട പൊതുമേഖല സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടറായി അഞ്ചു വർഷം പ്രവൃത്തി പരിചയമുള്ളവരോ ആകണം ചെയർപേഴ്സൻ. സാങ്കേതികം/ മാർക്കറ്റിങ്/ മാനവ വിഭവശേഷി എന്നിവയിലെ ജനറൽ മാനേജ്മെന്‍റ്, ധനകാര്യം/ അക്കൗണ്ട്സ്/ കോസ്റ്റ് അക്കൗണ്ട്സ്, നിയമം, ഭരണനിർവഹണം എന്നീ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരാകണം ബോർഡിലെ അംഗങ്ങൾ. പി.എസ്.സി വഴിയുള്ള നിയമനത്തിലെ സംവരണ മാനദണ്ഡം ബോർഡ് വഴിയുള്ള നിയമനത്തിലും പാലിക്കണം. ബിൽ സഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയച്ചു.

കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബില്ലും സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ 28ാം റാങ്കിൽനിന്ന് കേരളം 15ാം റാങ്കിലേക്ക് എത്തിയത് വൻ കുതിപ്പാണെന്ന് മന്ത്രി പറഞ്ഞു. പരിഷ്കാരങ്ങളുടെ കാര്യത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കരിമണൽ ഖനനം സ്വകാര്യ മേഖലക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രത്യാഘാതങ്ങൾക്കിടയാക്കും. വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനും ആവശ്യമായ ലൈസൻസുകളും ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും അവയുടെ പുതുക്കലും ഉൾപ്പെടെ വേഗത്തിൽ നൽകാൻ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്.

Tags:    
News Summary - Recruitment in Public Sector Undertakings through Recruitment Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.