കോട്ടയം: ബി.ജെ.പി എം.പി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. തൃശൂർ പിടിച്ചത് പോലെ എൻ.എസ്.എസിനെ പിടിക്കാനാവില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻ.എസ്.എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. ഒരിക്കൽ വന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് മന്നത്ത് സമാധിയിൽ പുഷ്പാർച്ചനക്ക് അവസരമൊരുക്കിയിരുന്നു. പിന്നീട് എൻ.എസ്.എസിന്റെ ബജറ്റ് നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി എത്തിയപ്പോഴാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസിന്റെ അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ എസ്.എൻ.ഡി.പിയുമായി യോജിച്ചു പോകാൻ തയാറാണ്. ഹൈന്ദവ സമുദായത്തിലെ പ്രബല സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഒരുമിക്കുന്നതിൽ എന്താണ് തെറ്റ് എന്നും സുകുമാരൻ നായർ ചോദിച്ചു. എല്ലാമതവിഭാഗങ്ങളോടും രാഷ്ട്രീയ പാർട്ടികളോടുമുള്ള സമദൂര സിദ്ധാന്തം എൻ.എസ്.എസ് തുടരുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സുകുമാരൻ നായർ രൂക്ഷ വിമർശനം ഉന്നയിച്ചു .സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കുകയാണ് അദ്ദേഹം. വർഗീയതക്കെതിരെ പറയാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.