മോക്ക് പോളിൽ കണ്ടെത്തിയ കൃത്രിമത്വം ആശങ്ക സൃഷ്ടിക്കുന്നത് -റസാഖ് പാലേരി

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർകോട് മോക്പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ വോട്ടിങ് മെഷീനുകളിൽ ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന സന്ദേഹം ജനങ്ങളിൽ ഉണ്ടാകുന്നതിന് ഈ സംഭവം കാരണമാകുമെന്നും റസാഖ് പാലേരി വ്യക്തമാക്കി.

സ്വതന്ത്രവും നീതുപൂർവവുമായ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സാഹചാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വോട്ടിങ് മെഷീനുകളും പരിശോധനക്ക് വിധേയമാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണം. മുഴുവൻ വി.വിപാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജിക്കിടെ കാസർകോട് സംഭവത്തിൽ സുപ്രീംകോടതി നടത്തിയ ഇടപെടൽ സ്വാഗതാർഹമാണ്. സുപ്രീംകോടതിയുടെ തന്നെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തുടർ നടപടികൾ ഉണ്ടാകണം.

ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏതുവിധേനയും തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന് തെരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിനുള്ള ഉപകരണമായി വോട്ടിങ് മെഷീൻ ഒരു കാരണവശാലും മാറാൻ പാടില്ല. നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പ്രയോഗവൽക്കരിക്കാൻ കഴിയില്ലെങ്കിലും തെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഇത്തരം ആശങ്കകളെ മുഖവിലക്കെടുത്ത് പേപ്പർ ബാലറ്റിലേക്ക് മടങ്ങി പോകുന്നതിനുള്ള ശ്രമം തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനവിധി ഒരുവിധ അട്ടിമറികൾക്കും വിധേയമല്ലെന്ന് ഉറപ്പുവരുത്തുന്നതായിരിക്കണം തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ. ആ നിലക്കുള്ള നിർദേശങ്ങൾ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളുടെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ ജനങ്ങളോടുള്ള കടമയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ പ്രവർത്തിക്കാൻ ഭരണഘടന സ്ഥാപനങ്ങൾക്കാകണമെന്നും റസാഖ് പാലേരി വ്യക്തമാക്കി.

Tags:    
News Summary - Razak Paleri react to mock poll issue in kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT