റൗദത്തുല്‍ ഉലൂം പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ളവം സൃഷ്ടിച്ച ഫറോക്ക് റൗദത്തുല്‍ ഉലൂം അസോസിയേഷന്‍െറയും പ്രഥമ സ്ഥാപനമായ അറബിക് കോളജിന്‍െറയും പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്വല തുടക്കം. ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ ഭൗമശാസ്ത്രജ്ഞനും ന്യൂഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ വൈസ്ചാന്‍സലറുമായ ഡോ. തലത് അഹ്മദ് നിര്‍വഹിച്ചു.

ജെ.എന്‍.യു, ജാമിഅ മില്ലിയ, അലീഗഢ് തുടങ്ങിയ രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പഠനസാധ്യത ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഫാറൂഖ് കോളജ് മാനേജ്മെന്‍റ് ഊന്നല്‍ നല്‍കണം. സ്ത്രീവിദ്യാഭ്യാസത്തിന് അതുല്യമായ സംഭാവനയാണ് റൗദത്തുല്‍ ഉലൂം നല്‍കിയത്. അബുസ്സബാഹ് അഹ്മദലിയുടെ ദീര്‍ഘവീക്ഷണമാണ് ഫാറൂഖ് കോളജിന്‍െറയും അനുബന്ധ സ്ഥാപനങ്ങളുടെയും വളര്‍ച്ച തെളിയിക്കുന്നത്. അക്കാലത്ത് ദേശീയ സര്‍വകലാശാലകള്‍ നിര്‍വഹിച്ചിരുന്ന വിദ്യാഭ്യാസ ദൗത്യമാണ് അദ്ദേഹം നടപ്പാക്കിയതെന്നും വി.സി പറഞ്ഞു.

ഫാറൂഖ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.വി. കുഞ്ഞമ്മദ് കോയ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഖാദര്‍ മങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ജൂബിലി പ്രോജക്ട് സമര്‍പ്പണം രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ലോഗോ പ്രകാശനം സി.പി. കുഞ്ഞിമുഹമ്മദ്, ലോഗോ ഡിസൈനര്‍ക്കുള്ള അവാര്‍ഡ് വിതരണം എന്‍.കെ. മുഹമ്മദലി, ജൂബിലി ഫണ്ട് ഉദ്ഘാടനം ഡോ. ടി. അഹ്മദ് എന്നിവര്‍ നിര്‍വഹിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.കെ. അഹമ്മദ്, ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചി കോയ, പ്രഫ. പി. മുഹമ്മദ് കുട്ടശ്ശേരി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രഫ. എ. കുട്ട്യാലിക്കുട്ടി,  ആര്‍.യു.എ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുസ്തഫ ഫാറൂഖി എന്നിവര്‍ സംസാരിച്ചു.
പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ഡോ. കെ.വി. വീരാന്‍ മൊയ്തീന്‍, അബ്ദു മൗലവി, ആലിക്കുട്ടി മൗലവി, എന്‍.എ. സലീം ഫാറൂഖി, മുഹമ്മദ് ഫാറൂഖി, ഡോ. വി.എം. അബ്ദുല്‍ അസീസ്, ഷാജഹാന്‍ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags:    
News Summary - rawdhatul uloom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.