രവി പൂജാരിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ്​ കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ റിമാൻഡ്​ ചെയ്തു. കസ്​റ്റഡിയിലെ ചോദ്യം ചെയ്യൽ അവസാനിച്ചതിനെത്തുടർന്നാണ്​ എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (സാമ്പത്തികം) കോടതി ഈ മാസം 22 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​തത്​. പ്രതിയെ എ.ടി.എസ്​ സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക്​ കൊണ്ടുപോയി​.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രവി പൂജാരിയിൽനിന്ന്​ ലഭിച്ചതായാണ്​ ക്രൈംബ്രാഞ്ച്​ അധികൃതർ പറയുന്നത്​. കസ്​റ്റഡിയിൽ രവി പൂജാരി കുറ്റം സമ്മതിച്ചതായാണ്​ സൂചന. രവി പൂജാരിയുടെ ശബ്​ദം ലീന മരിയ പോളും ചാനൽ റിപ്പോർട്ടറും തിരിച്ചറിഞ്ഞിട്ടുണ്ട്​. ചാനൽ റിപ്പോർട്ടർ നേരിട്ടും ലീന മരിയ ഓൺലൈൻ വഴിയുമാണ്​ ക്രൈംബ്രാഞ്ച്​ മുമ്പാകെ മൊഴി നൽകിയത്​.

2018 ഡിസംബർ 15നാണ് നടി ലീനയുടെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായാണ്​ രവി പൂജാരിക്കെതിരായ ആരോപണം. മൂന്നാം പ്രതിയാണ് ഇയാൾ. ക്രൈംബ്രാഞ്ച്​ അന്വേഷിക്കുന്ന കാസർകോ​ട്ടെ മറ്റൊരു കേസിൽകൂടി രവി പൂജാരിയെ കസ്​റ്റഡിയിൽ വാങ്ങിയേക്കും. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്ന്​ അന്വേഷണസംഘം കോടതിയെ അറിയിച്ചു. രവി പൂജാരി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഏതാനും ഗുണ്ടസംഘങ്ങളും ക്രൈംബ്രാഞ്ചി​െൻറ നിരീക്ഷണത്തിലാണ്​. 


Tags:    
News Summary - ravi pujari under remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.