ആ വാത്സല്യവും കരുതലും ഇനി ഓർമ്മ; എം.എസ്​ മണിയെ ഓർമിച്ച്​ രവി മേനോൻ

കോഴിക്കോട്​: കേരള കൗമുദിയുടെ മുൻ ചീഫ്​ എഡിറ്റർ എം എസ് മണിയെ അനുസ്​മരിച്ച്​ മുൻ സഹപ്രവർത്തകനായ രവി മേനോൻ. ക ൗമുദി പത്രത്തിൽ ജോലി ചെയ്ത കാല​െത്ത ഹൃദയ സ്​പർശിയായ അനുഭവം ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. അവാർഡുകളും അംഗീ കാരങ്ങളും ഒരിക്കലും അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടില്ല. എന്നും വെള്ളിവെളിച്ചത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആഗ്ര ഹിച്ച പത്രാധിപരാണ് എം.എസ്​ മണിയെന്നും പത്രപ്രവർത്തന ജീവിതത്തി​​​െൻറ തുടക്കം മുതൽ സ്നേഹത്തോടെ, കരുതലോടെ എന്നു ം അദൃശ്യനായി ഒപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും രവി മേനോൻ ഫേസ്​ബുക്ക്​ കുറിപ്പിൽ പങ്കുവെച്ചു​.

രവി മേനോ​​​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

``നിങ്ങളാണോ അമൃത ടിവിയിലെ ആ ഹിന്ദി പാട്ടുപരിപാടിയുടെ അവതാരകൻ?''

-- ഒട്ടും മയത്തിലല്ല ചോദ്യം. മുഖത്താണെങ്കിൽ പതിവില്ലാത്ത ഗൗരവവും. വാത്സല്യം കലർന്ന ചിരിയോടെ മാത്രം സംസാരിച്ചുകണ്ടിട്ടുള്ള മണി സാറി​​​െൻറ ഈ അപ്രതീക്ഷിത ഭാവപ്പകർച്ചക്ക് പിന്നിൽ എന്താകാം?

ഓർത് തുനോക്കിയപ്പോൾ കാര്യം ഏതാണ്ട് പിടികിട്ടി. തെല്ല് കുറ്റബോധവും തോന്നി ഉള്ളിൽ. ചെയ്ത പ്രവൃത്തിയിൽ ഔചിത്യക്കുറവു ണ്ടല്ലോ.
സ്പോർട്സ് എഡിറ്റർ ആയി കേരളകൗമുദിയിൽ തിരിച്ചെത്തിയിട്ട് അധികനാളായിട്ടില്ല. കൗമുദിയിലെ പത്രപ്രവർത ്തനത്തോടൊപ്പം അമൃത ടിവിയിൽ ``അഞ്ജലി'' എന്ന പേരിൽ ഒരു ഹിന്ദി ചലച്ചിത്ര ഗാന പരിപാടി സ്ക്രിപ്റ്റ് എഴുതി അവതരിപ്പിക ്കുന്നുമുണ്ട് അക്കാലത്ത്. സുഹൃത്തായ സോഹൻലാലി​​​െൻറ നിർബന്ധത്തിന് വഴങ്ങി ഏറ്റെടുത്ത ദൗത്യം. കൗമുദിയിൽ നിന്ന് ശമ്പളം പറ്റുകയും അമൃതയിൽ പോയി പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്ന കാര്യം ആരെങ്കിലും മണി സാറി​​​െൻറ കാതിൽ എത്തിച്ചിരിക്കാം. അതി​​​െൻറ ``പരിണാമഗുപ്തി''യായിരിക്കാം ചീഫ് എഡിറ്ററുടെ ഈ ചോദ്യം ചെയ്യൽ.

ശബ്ദത്തിൽ കഴിയുന്നത്ര ക്ഷമാപണ ധ്വനി കലർത്തി പറഞ്ഞു: ``സാർ, മാപ്പു തരണം. ചാനലുമായി നേരത്തെയുള്ള ഒരു കരാറി​​​െൻറ പേരിൽ തുടരുന്നതാണ്. രണ്ടു മാസം കൂടിയേ ഉള്ളൂ. അത് കഴിഞ്ഞാൽ അവതരണം നിർത്തിക്കോളാം... ''
ഇത്തവണ പകച്ചു പോയത് മണിസാർ. മുഖത്തെ ഗൗരവം പൊടുന്നനെ മായുന്നു. പകരം രസികനൊരു ചിരി വന്നു നിറയുന്നു അവിടെ. ``നിങ്ങളോട് പരിപാടി നിർത്താൻ ആര് പറഞ്ഞു? ``തുംസാ നഹി ദേഖാ'' എന്ന സിനിമയിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാട്ടുണ്ട്: ``ജവാനിയാ യെ മസ്ത് മസ്ത് ബിൻ പിയേ...'' മുഹമ്മദ് റഫിയുടെ പാട്ടാണ്. നിങ്ങളുടെ അഞ്ജലി പരിപാടിയിൽ ആ പാട്ട് ഒന്ന് കേൾപ്പിക്കണം.'' ഒരു നിമിഷം നിർത്തി, മുഖത്തെ കണ്ണടയൂരി തുടച്ചുകൊണ്ട് ഇത്ര കൂടി പറഞ്ഞു അദ്ദേഹം: `` നിർത്തുന്നതെന്തിന്? ടി വി യിൽ ഞാൻ മുടങ്ങാതെ കാണുന്ന പരിപാടിയാണ്....'' ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായതുകൊണ്ടാവാം, എ​​​െൻറ കണ്ണുകൾ ചെറുതായൊന്ന് നനഞ്ഞോ എന്ന് സംശയം.

എം എസ് മണി എന്ന പ്രഗത്ഭനായ പത്രാധിപർക്കുള്ളിലെ സംഗീത പ്രേമിയെ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം. ഹിന്ദി സിനിമാ ഗാനങ്ങളോടാണ് അദ്ദേഹത്തിന് ഏറെ കമ്പം. സൈഗളും പങ്കജ് മല്ലിക്കും മുതലിങ്ങോട്ട് റഫി, മുകേഷ്, മന്നാഡേ, ഹേമന്ത് കുമാർ, തലത്ത്, ലത, ആശ വരെയുള്ളവരുടെ പാട്ടുകൾ. മലയാളത്തിൽ ദേവരാജൻ മാഷി​​​െൻറയും ബാബുരാജി​​​െൻറയും പാട്ടുകൾ ഏറെയിഷ്ടം. മാതൃഭൂമി ചാനലിൽ ദിവസവും പുലർച്ചെ സംപ്രേക്ഷണം ചെയ്യുന്ന ``ചക്കരപ്പന്തൽ'' പതിവായി കണ്ട് വിളിച്ച് അഭിപ്രായം പറയുമായിരുന്നു കുറച്ചു കാലം മുൻപ് വരെ. ചില പാട്ടുകൾ റെക്കോർഡ് ചെയ്ത് എത്തിച്ചുകൊടുക്കാൻ വത്സല ശിഷ്യനായ പ്രസാദ് ലക്ഷ്മണൻ വഴി ചട്ടം കെട്ടുകയും ചെയ്യും. പലതും അധികമാരും കേട്ടിട്ടില്ലാത്ത അപൂർവ ഗാനങ്ങൾ.

മറക്കാനാവാത്ത മറ്റൊരു അനുഭവം കൂടിയുണ്ട് ഓർമ്മയിൽ. ഓഡിയോ വ്യവസായത്തിലേക്ക് കാലെടുത്തുവെക്കാൻ കൗമുദി ആലോചിക്കുന്ന സമയം. ആദ്യമായി ഇറക്കുന്ന ആൽബം ഏതായിരിക്കണമെന്ന് നിശ്ചയിക്കാൻ മണി സാറി​​​െൻറ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കവേ ഞാൻ പറഞ്ഞു: ``ശ്രീനാരായണ ഗുരുദേവ​​​െൻറ കുറെ കൃതികൾ ദേവരാജൻ മാഷ് ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. പക്ഷേ അത് റെക്കോർഡ് ചെയ്ത് പുറത്തിറക്കാൻ ഒരു കാസറ്റ്‌ കമ്പനിക്കാരും തയ്യാറാകുന്നില്ല എന്ന് വിഷമത്തോടെ മാഷ് ഈയിടെ പറഞ്ഞുകേട്ടു...''
``എന്നാൽ സംശയിക്കേണ്ട; ആ കൃതികൾ നമ്മൾ ഇറക്കാൻ പോകുന്നു'' -- ഉറച്ച ശബ്ദത്തിൽ മണി സാറി​​​െൻറ പ്രഖ്യാപനം. ``ദേവരാജൻ മാസ്റ്ററുമായി എത്രയോ ദശകങ്ങളുടെ ബന്ധമാണ് നമുക്കുള്ളത്. കൗമുദിയുടെ ആദ്യത്തെ ആൽബം മാസ്റ്ററുടെ വകയാവണം എന്നത് വിധി നിയോഗമായിരിക്കാം..''

``ഗുരുദീപം'' എന്ന ഗുരുദേവ ഗീത സമാഹാരത്തി​​​െൻറ പിറവി ആ വാക്കുകളിൽ നിന്നാണ്. പാട്ടുകാരായി പി ജയചന്ദ്രൻ, എം ജി ശ്രീകുമാർ, സുദീപ്, മഞ്ജരി, അപർണ, ബിജോയ് തുടങ്ങിയവർ. തരംഗിണി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗിലുടനീളം മാഷിനൊപ്പം നിഴൽ പോലെ നിൽക്കാൻ കഴിഞ്ഞത് എ​​​െൻറ മുജ്ജന്മ സുകൃതം. നന്ദി പറയേണ്ടത് മണി സാറിനോട് തന്നെ. ദേവരാജൻ മാഷ് അവസാനമായി ചിട്ടപ്പെടുത്തി പുറത്തിറക്കിയ ആൽബമായിരുന്നു അത്.

അവാർഡുകളും അംഗീകാരങ്ങളും ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല എം എസ് മണിയെ. എന്നും വെള്ളിവെളിച്ചത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിച്ച പത്രാധിപരാണ് അദ്ദേഹം. സ്വന്തം പടം സ്വന്തം പത്രത്തിൽ അച്ചടിച്ചു വന്നതിന് ന്യൂസ് എഡിറ്ററിൽ നിന്ന് വിശദീകരണം തേടിയ പത്രാധിപന്മാർ എത്ര പേരുണ്ട്?

പത്രപ്രവർത്തന ജീവിതത്തി​​​െൻറ തുടക്കം മുതൽ സ്നേഹത്തോടെ, കരുതലോടെ എന്നും അദൃശ്യനായി ഒപ്പമുണ്ടായിരുന്ന ആൾ. കൗമുദിയിൽ നിന്ന് രാജിവെച്ചു മറ്റ് സ്ഥാപനങ്ങളിലേക്ക് ചേക്കേറിയ കാലത്തും ഇടക്കൊക്കെ വിളിക്കും മണി സാർ. എന്നിട്ട് പറയും. ``നിങ്ങൾക്ക് അവിടെ എന്തെങ്കിലും പ്രയാസം തോന്നുണ്ടെങ്കിൽ ഇങ്ങോട്ട് പോന്നോളൂ. കൗമുദിയിൽ ഒരു കസേര എപ്പോഴുമുണ്ടാകും...''
ആ വാത്സല്യം, ആ കരുതൽ ഇനി ഓർമ്മ. പ്രിയപ്പെട്ട പത്രാധിപർക്ക് ആദരാഞ്ജലികൾ....

-- രവിമേനോൻ

Full View
Tags:    
News Summary - ravi menon remembers m s mani -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT