ന്യൂഡല്‍ഹി: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനുപിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം. പൗരത്വഭേദഗതി നിയമത്തിനും ഹാഥറസ് ബലാത്സംഗക്കൊലക്കും എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ റഊഫ് സജീവ പങ്കാളിയായിരുന്നു. ഡൽഹി പൊലീസ് പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നത് തുടരുന്നതിനിടയിലാണ് പണ ഇടപാട് ആരോപിച്ച് ഇദ്ദേഹത്തെ പിടികൂടിയത്.
അതേസമയം, റഊഫിൻെറ കൊല്ലം അഞ്ചലിലുള്ള വീട്ടിൽ നടത്തിയ തെരച്ചിലിൽ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പരിശോധന സമയത്ത് വീട്ടിനുപുറത്ത് തടിച്ചുകൂടിയ ജനങ്ങൾ ഇക്കാര്യം ഉദ്യോഗസ്ഥരിൽനിന്ന് എഴുതി വാങ്ങുകയും ചെയ്തു.
റഊഫിൻെറ കൊല്ലം അഞ്ചലിലുള്ള വീട്ടിൽ നടത്തിയ തെരച്ചിലിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ എഴുതി നൽകിയ പ്രസ്താവന
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ് റഊഫ് ഷെരീഫിനെ കസ്റ്റഡിയിലെടുത്തത്. ജോലിയുടെ ഭാഗമായി മസ്‌കത്തിലേക്ക് പോവുകയായിരുന്ന ഇദ്ദേഹം രാവിലെ ഏഴോടെയാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയത്. തുടര്‍ന്ന് ഇഡി എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. റഊഫിെൻറ അറസ്റ്റിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, പൗരത്വ പ്രക്ഷോഭം ഒരു വര്‍ഷം പിന്നിടുമ്പോള്‍ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാർഥി സംഘടനാ നേതാക്കളില്‍ പലരും കള്ളക്കേസുകളിൽ കുടുങ്ങി ജയിലിൽ കഴിയുകയാണ്. ഇതിൽ ഏതാനും പേർ മാത്രമാണ് മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം മോചിതരായത്.
ഷര്‍ജീല്‍ ഇമാം, ആസിഫ് തന്‍ഹ, ഉമര്‍ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, സഫൂര്‍ സര്‍ഗാര്‍, ദേവാംഗന കലിത, നടാഷ നർവാൾ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളെയാണ് ഡൽഹി വംശഹത്യയിൽ അടക്കം പ്രതിചേർത്ത് തടങ്കലിൽ അടച്ചത്. മിക്കവരും വിചാരണത്തടവുകാരായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.