തിരുവനന്തപുരം: ഇ-പോസ് മെഷീനിലൂടെ കാർഡുടമകളുടെ വിവരം ചോർത്തി റേഷൻ സാധനം കരിഞ്ചന്തയിൽ വിറ്റ റേഷൻ കടകൾക്കെതിരെ ഭക്ഷ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അവധിദിവസമായ മൂന്നിന് കട തുറക്കുകയും ഇടപാട് നടത്തുകയും ചെയ്ത 1059 റേഷൻകടകൾക്കെതിരെയാണ് മന്ത്രിയുടെ ഓഫിസ് അന്വേഷണനിർദേശം നൽകിയത്. കാർഡ് ഉടമകൾ അറിയാതെ വ്യാപാരികൾ ഭക്ഷ്യധാന്യം കൊള്ളയടിക്കുന്നുവെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
റേഷൻ വിതരണം താറുമാറായതിനെതുടർന്ന് മേയിലെ റേഷൻ ജൂൺ അഞ്ചുവരെ നൽകണമെന്നും ഞായറാഴ്ചയും കട തുറക്കണമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, വ്യാപാരി സംഘടനകളുടെ വിസമ്മതത്തെതുടർന്ന് നിർദേശം ഡയറക്ടർ പിൻവലിച്ചു. ഇതോടെ, 14,374 റേഷൻകടകളിൽ 13,335ഉം ഞായറാഴ്ച അടച്ചിട്ടു. എന്നാൽ, ആദ്യ ഉത്തരവിെൻറ മറപിടിച്ച് കട തുറക്കുകയും മാന്വലായി റേഷൻ വിതരണം നടത്തുകയും ചെയ്ത വ്യാപാരികൾക്കെതിരെയാണ് അന്വേഷണം.
ഇ-പോസ് മെഷീനിൽ കാർഡ് നമ്പർ നൽകുമ്പോൾ അംഗത്തിെൻറ വിരൽ പതിപ്പിക്കാൻ മെഷീൻ ആവശ്യപ്പെടും. വിരലടയാളം മൂന്നുതവണ പരാജയപ്പെട്ടാൽ ഭക്ഷ്യധാന്യം മാന്വലായി നൽകാൻ വ്യാപാരിക്ക് സാധിക്കും. ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നിലവിലുള്ളതിനാലാണ് ഇത്തരമൊരു സാധ്യതകൂടി ഭക്ഷ്യവകുപ്പ് മെഷീനിൽ നൽകിയത്. ഈ പഴുതിലൂടെയാണ് വ്യാപാരികൾ റേഷൻ തട്ടുന്നത്.
കാർഡ് നമ്പർ വ്യാപാരിതന്നെ മെഷീനിൽ രേഖപ്പെടുത്തി മൂന്നുതവണ വ്യാപാരിയുടെ വിരലടയാളം മെഷീനിൽ പതിപ്പിക്കും. വിരലടയാളം മെഷീൻ നിരസിക്കുന്നതോടെ വ്യാപാരിക്ക് നേരിട്ട് കാർഡ് ഉടമയുടെ അക്കൗണ്ടിലേക്ക് കയറി വിഹിതം അടിച്ചുമാറ്റാം. കശുവണ്ടിത്തൊഴിലാളികൾ, യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, ആധാർ ഇല്ലാത്തവർ എന്നിവർക്ക് മാത്രമാണ് മാന്വൽ വഴി റേഷൻ വിതരണം ചെയ്യാൻ അനുവാദം നൽകിയിട്ടുള്ളത്.
എന്നാൽ, കഴിഞ്ഞ മേയിൽ മാത്രം 6,45,601 മാന്വൽ ഇടപാടുകളാണ് നടന്നത്. ഇതുവഴി കോടികളുടെ ഭക്ഷ്യധാന്യമാണ് കരിഞ്ചന്തയിലേക്ക് എത്തിയതെന്നാണ് ഭക്ഷ്യവകുപ്പിെൻറ കണ്ടെത്തൽ. മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ വെട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.