തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച റേഷൻ മണ്ണെണ്ണ വിഹിതം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭക്ഷ്യമന്ത്രി വിളിച്ച റേഷൻ വ്യാപാരികളുടെയും മണ്ണെണ്ണ മൊത്ത വ്യാപാരികളുടെയും യോഗം അലസിപ്പിരിഞ്ഞു. സർക്കാർ മുന്നോട്ടുവെച്ച നിരക്കുകളും നിർദേശങ്ങളും അംഗീകരിക്കാനാകില്ലെന്നും ഈമാസം 24ന് ചേരുന്ന സംയുക്ത റേഷൻ കോഓഡിനേഷൻ സമിതിയുടെ യോഗത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം അറിയിക്കാൻ കഴിയൂവെന്നും റേഷൻ സംഘടന പ്രതിനിധികൾ വ്യക്തമാക്കി.
വ്യാപാരികൾ മണ്ണെണ്ണ ഏറ്റെടുക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ മണ്ണെണ്ണ സംഭരിക്കാൻ കഴിയൂവെന്ന് ഡീലർമാരും അറിയിച്ചതോടെ ഭക്ഷ്യവകുപ്പ് പ്രതിസന്ധിയിലായി. വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ചേംബറിൽ നടന്ന യോഗത്തിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് യൂനിയനും മണ്ണെണ്ണ വിതരണത്തിൽ സർക്കാറിന്റെ ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കമീഷൻ ആറ് രൂപയിൽനിന്ന് ഏഴായി ഉയർത്തണമെന്നും മണ്ണെണ്ണ നേരിട്ട് കടയിൽ എത്തിച്ചുനൽകണമെന്നുമുള്ള നിലപാടിൽ ഇരുസംഘടനകളും ഉറച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.