തിരുവനന്തപുരം: പ്രളയമേഖലയിലുൾപ്പെടെ എലിപ്പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതിജാഗ്രത നിർദേശം നൽകി. കോഴിക്കോെട്ട സ്ഥിതി ആശങ്കക്ക് വകനൽകുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്ത് ഒമ്പതു പേർ കൂടി മരിച്ചു. ഇവരിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽനിന്നുള്ളവരാണ്.
ഇതോടെ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. കഴിഞ്ഞ എട്ടുമാസത്തിനടെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 97 പേരാണ്. പകർച്ചവ്യാധി ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന പ്രളയമേഖലയിൽ എലിപ്പനി പടരുന്നുവെന്നാണ് വിവരം. കോഴിക്കോട് തിരുവമ്പാടി സ്വദേശി കുമാർ (52), കോഴിക്കോട് ജി.എ കോളജ് സ്വദേശി ഹസീന (31), കണ്ണൂർ കൊട്ടിയൂർ സ്വദേശി വിനോദ് (27), കണ്ണൂർ വേങ്ങാട് സ്വദേശി രമേശൻ (60), കോഴിക്കോട് കൊളത്തറ സ്വദേശി വിഷ്ണു (21), കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുരേന്ദ്രൻ (67), കോഴിക്കോട് മൂടാടി സ്വദേശി രാജേഷ് (39), എറണാകുളം മുണ്ടൻവേലി സ്വദേശി സജീവ് (64), തിരുവനന്തപുരം മംഗലപുരം സ്വദേശി അനിൽകുമാർ (50) എന്നിവരാണ് രണ്ടു ദിവസത്തിനിെട മരിച്ചത്. കൂടാതെ, പനിബാധിച്ച് കാസർകോട് സ്വദേശി കുഞ്ഞിരാമൻ (53), മലപ്പുറം സ്വദേശി ഗോപാലൻ (40) എന്നിവരും മരിച്ചു. എലിപ്പനി ബാധിച്ചും എലിപ്പനി ലക്ഷണങ്ങളുമായും വെള്ളിയാഴ്ച 134 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഡെങ്കിപ്പനി ബാധിച്ച് 11 പേരും മലേറിയ ബാധിച്ച് 16 പേരും ചികിത്സതേടി.
തിരുവനന്തപുരത്ത് ആറുപേർക്കും പത്തനംതിട്ട ഏഴുപേർക്കും ആലപ്പുഴ നാലുപേർക്കും എറണാകുളത്ത് രണ്ടുപേർക്കും തൃശൂരിൽ രണ്ടുപേർക്കും പാലക്കാട്ട് ഒരാൾക്കും കോഴിക്കോട്ട് 12 പേർക്കും കാസർകോട്ട് മൂന്നുപേർക്കും ആണ് എലിപ്പനി വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
ശ്രദ്ധിക്കാം ഇവയെല്ലാം
*ആരോഗ്യപ്രവർത്തകർ വിതരണംചെയ്യുന്ന ഡോക്സിസൈക്ലിൻ ഗുളികകൾ നിർബന്ധമായും കഴിക്കണം
*രോഗലക്ഷണങ്ങൾ ഇല്ല എന്ന കാരണത്താൽ പ്രതിരോധമരുന്ന് കഴിക്കാതിരിക്കരുത്.
*ഗർഭിണികൾ, അലർജിയുള്ളവർ, എട്ടുവയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ ഡോക്ടർമാരുടെ നിർേദശപ്രകാരം മാത്രം പ്രതിരോധമരുന്നുകൾ കഴിക്കുക.
*കടുത്ത പനി, ചർദ്ദി, ശരീരവേദന, കണ്ണിൽ ചുവപ്പ്, തലവേദന, തളർച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
*ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രികളിൽതന്നെ വൈദ്യസഹായം തേടണം.
*വ്യക്തി ശുചിത്വം, ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കുക.
* സ്വയംചികിത്സ നടത്താതിരിക്കുക.
എലിപ്പനി; വേണ്ടത് നിപക്കാലത്തുള്ള സംവിധാനങ്ങൾ -മന്ത്രി ടി.പി
കോഴിക്കോട്: എലിപ്പനിബാധ കാരണം ജില്ലയിൽ ഇനി മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇടയാവരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ജില്ലയിൽ എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പനി ലക്ഷണങ്ങൾ പ്രകടമായാൽ തുടക്കത്തിൽതന്നെ വൈദ്യസഹായം തേടണമെന്നും ആശുപത്രികളിൽ കൃത്യമായ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിപ പടർന്നുപിടിച്ച സമയത്ത് മെഡിക്കൽ കോളജിൽ ഒരുക്കിയതിനു സമാനമായ സംവിധാനങ്ങൾ ഏർപ്പെടുത്തി രോഗനിയന്ത്രണം വേഗത്തിലാക്കണം. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ നിയമിക്കാൻ യോഗത്തിൽ തീരുമാനമായി. 90 ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരെ ജില്ലയിൽ വിവിധയിടങ്ങളിലായി വിന്യസിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
വീടുകയറി ജാഗ്രത നിർദേശവും പ്രതിരോധമരുന്ന് വിതരണവും നൽകാൻ ഇവരെ ഉപയോഗപ്പെടുത്തും. യോഗത്തിൽ വി.കെ.സി മമ്മദ് കോയ എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, സബ് കലക്ടർ വി.വിഘ്നേശ്വരി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ, ഡോ.എ നവീൻ, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.