കോഴിക്കോട്: ജില്ലയിൽ എലിപ്പനി പടരുന്നതിെൻറ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു. കലക്ടറേറ്റിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് യോഗം നടക്കുകയെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു.
ആഗസ്റ്റ് 20 മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയിരിക്കുകയാണ്. ആരോഗ്യവകുപ്പ് ഞായറാഴ്ച സ്ഥിരീകരിച്ച 11 മരണങ്ങളിൽ രണ്ടുപേർ ആഗസ്റ്റ് 28, 30 തീയതികളിലാണ് മരിച്ചത്. കോഴിക്കോട്ട് നാലുപേരും മലപ്പുറത്ത് രണ്ടും തിരുവനന്തപുരം, പാലക്കാട് ,തൃശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്. സംസ്ഥാനത്താകെ നൂറു കണക്കിനാളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് നേരേത്ത അതിജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
എലിപ്പനി കൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്സ് തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് ഇൗ വർഷത്തെ ആദ്യ എച്ച് 1 എൻ 1 മരണവും റിപ്പോർട്ട് ചെയ്തു.
കോഴിക്കോട് വടകര കുട്ടോത്ത് ഓലയാട്ട് താഴെക്കുനിയിൽ ഉജേഷ് (38), കാരശ്ശേരി കാരമൂല ചേലപ്പുറത്ത് പരേതനായ ഹുസൈെൻറ മകൻ സലിംഷാ (44), കണ്ണാടിക്കൽ നെച്ചൻകുഴിയിൽ സുമേഷ് (45), കല്ലായി മാളികപറമ്പ് അശ്വനി വീട്ടിൽ കെ. രവി (59) , മലപ്പുറം പെരിന്തൽമണ്ണ സ്വദേശി പ്രമീള (42), തൃപ്രങ്ങോട് സ്വദേശി ശ്രീദേവി (44), പാലക്കാട് മുണ്ടൂർ സ്വദേശി പ്രകാശൻ (43), തൃത്താല സ്വദേശി കോയക്കുട്ടി (60), തിരുവനന്തപുരം പൂജപ്പുര സ്വദേശി അയ്യപ്പൻ ചെട്ടിയാർ (67), എറണാകുളം പെരുമ്പാവൂർ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരി (51),തൃശൂർ കിഴക്കേ കോടാലി കോപ്ലിപ്പാടം പീണിക്ക വീട്ടില്‍ ഭാസ്കരെൻറ മകന്‍ സുരേഷ് (42)എന്നിവരാണ് മരിച്ചത്. പനിബാധിച്ച് എറണാകുളം ആലുവ സ്വദേശി രാജ (48), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സന്തോഷ് (42) എന്നിവരും മരിച്ചു.
കോഴിക്കോട് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. ജില്ലയിൽ ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ രണ്ടുവരെ 187 പേർക്കാണ് എലിപ്പനി സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. 84പേർക്ക് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 142 പേർ ചികിത്സയിലുണ്ട്.
പത്തനംതിട്ടയിൽ നാലുപേർക്കും കോട്ടയത്ത് മൂന്നുപേർക്കും ആലപ്പുഴയിലും തൃശൂരിലും കാസർകോട്ടും രണ്ടുപേർക്കുവീതവും പാലക്കാട്ട് ഒരാൾക്കും കോഴിക്കോട്ട് 26 പേർക്കുമാണ് ഞായറാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്ത് 26 പേർക്കാണ് എലിപ്പനി സംശയിക്കുന്നത്.
മലിനജലവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധമരുന്നായ ‘ഡോക്‌സി സൈക്ലിൻ’ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് നിർേദശം നൽകി. അതിജാഗ്രത പുലർത്തിയില്ലെങ്കിൽ മരണനിരക്ക് ഉയരും. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോക്കോളും പുറത്തിറക്കി. സന്നദ്ധ പ്രവർത്തകർക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക കൗണ്ടർവഴി പ്രതിരോധഗുളിക വിതരണം ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എലിപ്പനിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഇൻഫോ ക്ലിനിക് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പ്.
1. എന്താണ് എലിപ്പനി?
എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ഒരു ബാക്ടീരിയ, മനുഷ്യനില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. ലെപ്ടോസ്പൈറ എന്ന ഗ്രൂപ്പില്‍ പെട്ടതാണ് ഈ ബാക്ടീരിയ. എലിപ്പനിക്കെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയിട്ടില്ല.
2. എങ്ങനെയാണ് ഈ രോഗം പടരുക?
രോഗം ഉള്ളതോ, രോഗാണു വാഹകരോ ആയ മറ്റു മൃഗങ്ങളുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടിയാണ് അസുഖം പകരുക. സാധാരണയായി ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയും നനവുള്ള പ്രതലത്തിലൂടെയും അതുപോലെ ചളിയുള്ള മണ്ണിലൂടെയും അസുഖം പകരാം. നമ്മുടെ ശരീരത്തില്‍ ഉള്ള മുറിവുകള്‍, ചെറിയ പോറലുകള്‍ എന്നിവ വഴിയാണ് രോഗാണു അകത്തു കടക്കുക.
3. രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
രോഗാണു അകത്തു കടന്നാല്‍ ഏകദേശം 5-15 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിെൻറ അളവ് കുറയുക, രക്തത്തിെൻറ നിറം വരുക, കാലിലും മുഖത്തും നീരുണ്ടാകുക, കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം.
4. ഗുരുതരാവസ്ഥ എന്തൊക്കെയാണ്?
സമയത്ത് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തില്ലെങ്കില്‍ ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. മരണം വരെ സംഭവിക്കാം.
5. രോഗം എങ്ങനെ തടയാം?
പ്രതിരോധം ആണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും ഒരു വലിയ പ്രളയം കഴിഞ്ഞ സാഹചര്യത്തില്‍ നാട്ടിലെങ്ങും മലിനമായ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതോടൊപ്പം രക്ഷാപ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്നവരും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അവ എന്തൊക്കെയാണെന്ന് പറയാം:
-രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍, കൈയുറയും ബൂട്ടും ധരിക്കണം. മുറിവുകള്‍ ഉണ്ടെങ്കില്‍ വൃത്തിയായി നനയാതെ പൊതിഞ്ഞു സൂക്ഷിക്കണം.
-വീടുകളിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ മുറികളില്‍ മുഴുവന്‍ ചെളിയും മറ്റും ഉണ്ടാകും. ഇത് വൃത്തിയാക്കുന്നതിനു മുന്നേ മുകളില്‍ പറഞ്ഞ സംരക്ഷണം ഉണ്ടാകണം. അതുപോലെ ആദ്യമേ തന്നെ വീടിനകവും പാത്രങ്ങളും മറ്റും അണുമുക്തമാക്കാന്‍ ശ്രമിക്കണം.
-ഇതിനായി ഒരു ശതമാനം ക്ലോറിന്‍ ലായനി ഉപയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഏകദേശം ആറ് ടീ സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കി 10 മിനിറ്റ് വെച്ചിട്ട് വെള്ളം മാത്രം ഊറ്റിയെടുത്ത് തറയും മറ്റു പ്രതലങ്ങളും പാത്രവും വൃത്തിയാക്കണം. അണുമുക്തം ആകാന്‍ 30 മിനിറ്റ് സമയം നല്‍കണം.
-വീടുകളിലെ കിണറുകളും മറ്റു ജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം.
-ചത്ത മൃഗങ്ങളെയും മറ്റും നീക്കംചെയ്യുന്നവര്‍ മുകളില്‍ പറഞ്ഞ നിലക്കുള്ള മുന്‍കരുതലുകള്‍ എടുക്കണം. കൂടാതെ ജോലിക്കു ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും വേണം. മൃഗങ്ങളുടെ വിസർജ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഇത് ചെയ്യണം.
വെള്ളത്തില്‍ മുങ്ങിക്കിടന്ന ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കരുത്. ഭക്ഷണ വസ്തുക്കള്‍ നല്ലതുപോലെ വേവിച്ചും, കുടിവെള്ളം ഒരു മിനിറ്റ് എങ്കിലും തിളപ്പിച്ചും വേണം ഉപയോഗിക്കാന്‍.
എലികളും മറ്റും ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കണം. എലികളെ കൊല്ലാനായി എലിക്കെണികള്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എലിവിഷം ഈ സമയത്ത് അപകടകരമാണ്. ഒഴിവാക്കുക.
-വീട്ടിലും പരിസരത്തും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികളും മറ്റും ഇത്തരം വെള്ളത്തില്‍ ഇറങ്ങി കളിക്കാന്‍ സാധ്യതയുണ്ട്.
-ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം.
-ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്ന് കഴിക്കാന്‍ ആവശ്യപ്പെടുന്ന അവസരത്തില്‍, നിര്‍ദേശിക്കുന്ന അളവിലും രീതിയിലും കഴിക്കണം. സ്വയം ചികിത്സ പാടില്ല.
ഡോക്സി സൈക്ലിൻ ഗുളിക കഴിക്കുന്നവർ ശ്രദ്ധിക്കാൻ:
-വെറുംവയറ്റിൽ ഗുളിക കഴിക്കരുത്. ഭക്ഷണശേഷം മാത്രം കഴിക്കണം.
-ഗുളിക കഴിച്ചുകഴിഞ്ഞ് ചുരുങ്ങിയത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. (ചിലർക്ക് ഉണ്ടായേക്കാവുന്ന വയറെരിച്ചിൽ ഒഴിവാക്കാനുള്ള മുൻകരുതൽ മാത്രമാണിത്.)
ഗുളികയുടെ ഡോസ്
-14 വയസ്സിന് മുകളിൽ 200 എം.ജി ആഴ്ചയിൽ.
-8-14 വയസ്സ് 100 എം.ജി ആഴ്ചയിൽ. (നാല് ആഴ്ചകളിൽ കഴിക്കുക)
-എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഡോക്സി നൽകരുത്. പകരം ഡോക്ടറുടെ നിർദേശ പ്രകാരം അസിത്രോമൈസിൻ ഗുളിക നൽകുക.
എലിപ്പനി ഏത് പ്രായത്തിലുള്ളവർക്കും വരാം. പക്ഷേ, ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ, സ്ഥിരം കിടപ്പ് അവസ്ഥയിൽ ഉള്ളവർ എന്നിവർക്ക് രോഗം വരാൻ സാധ്യത കുറവാണ്. എന്നാൽ, ഇത്തരക്കാരെ ഈർപ്പവും നനവും ഉള്ളിടങ്ങളിൽ കിടത്താൻ ഇടയായാൽ ഇവർക്കും രോഗം വരാൻ സാധ്യതയുണ്ട്. കുട്ടികളിലും വയോജനങ്ങളിലും പൊതുവെ രോഗത്തിെൻറ ഗൗരവം കൂടുതലാണ്.
നേരത്തേ പറഞ്ഞതുപോലെ വാക്സിൻ കണ്ടെത്താത്തതിനാൽ രോഗം വരാതിരിക്കാനുള്ള ചുറ്റുപാടൊരുക്കുകയും, വ്യക്തിസുരക്ഷയും ആണ് ഏറ്റവും നല്ല മാർഗം. അതിനായുള്ള മാർഗങ്ങളാണ് മുകളിൽ വിവരിച്ചിട്ടുള്ളത്.
തയാറാക്കിയത്: ഡോ. ജിതിൻ ടി. ജോസഫ്, ഡോ. കെ.കെ. പുരുഷോത്തമൻ, ഡോ. പി.കെ. സുനിൽ (ഇൻഫോ ക്ലിനിക്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.