ആദ്യം സ്വാതന്ത്ര്യ സമരസേനാനിയായ പിതാവിന് നേരെ മുദ്രാവാക്യം; പിന്നെ പ്രസ്ഥാന പോരാളി

വെളിയങ്കോട് (മലപ്പുറം): ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് ജയില്‍വാസം അനുഭവിച്ചശേഷം വീട്ടിലേക്ക് വരികയായിരുന്ന ഉപ്പക്കെതിരെ മുദ്രാവാക്യം വിളിച്ച ബാലന്‍, പിന്നീട് വിദ്യാര്‍ഥിയായിരിക്കത്തെന്നെ സ്വാതന്ത്ര്യസമര പോരാളിയായി മാറിയ കഥയാണ് വെള്ളിയാഴ്ച നിര്യാതനായ എം. റഷീദിന്‍െറത്. അഞ്ചോ ആറോ വയസുള്ളപ്പോഴായിരുന്നു റഷീദ് സ്വന്തം പിതാവിനെതിരെ മുദ്രാവാക്യം വിളിച്ചത്. അതേ ഉപ്പയില്‍നിന്ന് പകര്‍ന്നുലഭിച്ച സ്വാതന്ത്ര്യദാഹം റഷീദെന്ന ബാലനെ പിന്നീട് വെള്ളക്കാര്‍ക്കെതിരെയുള്ള പോരാളിയാക്കി. അങ്ങനെ കോഴിക്കോട് ഗണപത് ഹൈസ്കൂളില്‍ പത്താം ക്ളാസില്‍ പഠിക്കവെ സ്വാതന്ത്ര്യ സമര കളത്തിലിറങ്ങി ജയിലിലടക്കപ്പെട്ടു.  സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നവരെ നാട്ടുകാരും ബന്ധുക്കളും പുച്ഛത്തോടെ നോക്കിയിരുന്ന കാലമായിരുന്നു റഷീദിന്‍െറ കുട്ടിക്കാലം. അതിനാലാണ് തടവുകഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഉപ്പക്കെതിരെ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മുദ്രാവാക്യം വിളിച്ചത്. തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന മകനോട് ദേഷ്യപ്പെടാതിരുന്ന മൊയ്തു മൗലവി പിന്നീട് മകനെയും തന്‍െറ പാതയിലേക്ക് നയിക്കുകയായിരുന്നു.

ഹൈസ്കൂള്‍ പഠനകാലത്തായിരുന്നു റഷീദ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലത്തെിയത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടന മാത്രമാണ് വിദ്യാര്‍ഥി മേഖലയിലുണ്ടായിരുന്നത്. കെ. ദാമോദരനുമായുള്ള അടുപ്പത്തിലൂടെ മാര്‍ക്സിസത്തിന്‍െറ ആദ്യപാഠങ്ങള്‍ നുകര്‍ന്നു. മൊയ്തു മൗലവിയെ കാണാന്‍ ഇ.എം.എസും എന്‍.സി. ശേഖറും വന്നിരുന്ന കാലം കൂടിയായിരുന്നു അത്. കോഴിക്കോട്ട് മൊയ്തു മൗലവി സ്ഥാപിച്ച അല്‍അമീന്‍ ലോഡ്ജായിരുന്നു സംഗമകേന്ദ്രം. അല്‍ അമീന്‍ പത്രം മൊയ്തു മൗലവി നടത്തുന്ന കാലവുമായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെടുത്ത നിലപാടില്‍ വിയോജിച്ച് കമ്യൂണിസത്തോട് വിട പറഞ്ഞ റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തെ അനൂകൂലിക്കുന്ന കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നാണ് സമരത്തില്‍ പങ്കെടുത്തത്.   

മൂന്നു വര്‍ഷത്തോളം സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനോടൊപ്പം താമസിച്ചിട്ടുണ്ട്.  കേരളത്തിലെ അറിയപ്പെടുന്ന ട്രോട്സ്കീസ്റ്റ് കൂടിയായിരുന്നു റഷീദ്. മാര്‍ക്സിസ്റ്റ് ദാര്‍ശനികനായിരുന്ന ട്രോട്സ്കിയുടെ അനുയായികളുടേതായിരുന്നു ഈ സംഘം. ഫോര്‍ത്ത് ഇന്‍റര്‍നാഷനല്‍ എന്ന പേരിലാണ് ഇവരുടെ കൂട്ടായ്മ അറിയപ്പെട്ടിരുന്നത്.

1947ല്‍ കാണ്‍പൂരില്‍ നടന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി സമ്മേളനം മാര്‍ക്സിസം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതോടെയാണ് ആര്‍.എസ്.പിക്ക് തുടക്കമിട്ടത്. തൃശൂരിലായിരുന്നു ആര്‍.എസ്.പിയുടെ പിറവി. ഇന്ത്യ വിഭജനത്തിന് എതിരായിരുന്നു റഷീദ്. അതിനാല്‍ ഇടക്കാലത്ത് കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടുവന്ന ശ്രീകണ്ഠന്‍ നായര്‍, എം.പി. മേനോന്‍, ജനാര്‍ദനക്കുറുപ്പ്, മത്തായി മാഞ്ഞൂരാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വതന്ത്ര കേരള റിപ്പബ്ളിക് എന്ന ആശയത്തോടെ രൂപവത്കരിച്ച കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയാറായില്ല. ആര്‍.എസ്.പി പിന്നീട് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതോടെയായിരുന്നു രാഷ്ട്രീയത്തോട് വിടചൊല്ലിയത്. ഇന്ത്യ വിഭജനത്തെ അനുകൂലിച്ച പാര്‍ട്ടിയെന്ന നിലയില്‍ ലീഗിനോട് കടുത്ത വിയോജിപ്പിലായിരുന്നു അദ്ദേഹം.

 

Tags:    
News Summary - rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.