രണ്ടു വര്‍ഷം മുമ്പത്തെ കൂട്ടമാനഭംഗം: നാടകീയ വെളിപ്പെടുത്തലുമായി വീട്ടമ്മ

തിരുവനന്തപുരം: സി.പി.എം കൗണ്‍സിലറടക്കം, ഭര്‍ത്താവിന്‍െറ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി തൃശൂര്‍ സ്വദേശിയായ വീട്ടമ്മയുടെ ആരോപണം. കഴിഞ്ഞ ദിവസം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ ഇതുസംബന്ധിച്ച് എഴുതിയിരുന്നു. തുടര്‍ന്നാണ് ഭാഗ്യലക്ഷ്മിക്കും ചലച്ചിത്ര പ്രവര്‍ത്തകയായ പാര്‍വതിക്കുമൊപ്പമത്തെിയ  യുവതിയും ഭര്‍ത്താവും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ആവര്‍ത്തിച്ചത്.

ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും മുഖ്യമന്ത്രി പിണറായി വിജയനും യുവതിയും ഭര്‍ത്താവും പരാതി നല്‍കി. സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍ (28), സഹോദരന്‍ ജനീഷ് (26), സുഹൃത്തുകളായ ബിനീഷ് (25), ഷിബു (27) എന്നിവര്‍ക്കെതിരെയാണ് ആരോപണം. ഇതുസംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ പരാതിനല്‍കിയെങ്കിലും പേരാമംഗലം സി.ഐ ഭീഷണിപ്പെടുത്തി കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്‍െറ സുഹൃത്തുകളായിരുന്നു നാലുപേരും. 2014 മാര്‍ച്ചില്‍  ഭര്‍ത്താവ് ഡി അഡിക്ഷന്‍ സെന്‍ററില്‍ ചികിത്സയിലായിരുന്ന കാലത്താണ് സംഭവം. അപകടം സംഭവിച്ച ഭര്‍ത്താവിന്‍െറ അടുത്തേക്കെന്നുപറഞ്ഞ് നാലുപേരും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോകുകയും ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഘം, വിവരം പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും മക്കളെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികളെ കരുതിയാണ് ഇതുവരെയും പരാതിനല്‍കാതിരുന്നത്. പക്ഷേ, മാനസിക പീഡനം തുടര്‍ന്നതുകൊണ്ടാണ് പരാതി നല്‍കിയത്. എന്നാല്‍, കേസ് അന്വേഷിച്ച പേരാംമംഗലം സി.ഐ വളരെ മോശംഭാഷയിലാണ് പെരുമാറിയതും ചോദ്യംചെയ്തതും. മൂന്നുദിവസം രാവിലെ മുതല്‍ അര്‍ധരാത്രിവരെ സ്റ്റേഷനില്‍ പിടിച്ചിരുത്തി. പട്ടികളോട് പെരുമാറുന്നതുപോലെയാണ് ചില പൊലീസുകാര്‍  പെരുമാറിയത്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ ആളുകളുടെ മുന്നില്‍വെച്ചായിരുന്നു ചോദ്യംചെയ്യല്‍. കാര്യമന്വേഷിച്ചവരോട് ഇത് ബലാത്സഗം ചെയ്യപ്പെട്ട

സ്ത്രീയാണെന്നും സി.ഐ പറഞ്ഞു. പിന്നീട് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പലതവണ മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചു. മജിസ്ട്രേറ്റിനോട് എന്ത് പറയണമെന്ന് സി.ഐ പറഞ്ഞുപഠിപ്പിച്ചതായും യുവതി ആരോപിച്ചു.

ഭര്‍ത്താവിനെ കാറിനുള്ളില്‍ പിടിച്ചുവെച്ചശേഷമാണ് 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിരേഖപ്പെടുത്താന്‍ വിട്ടത്. പീഡിപ്പിച്ചെന്നത് സത്യമാണെന്നും എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ളെന്നുമാണ് അന്ന് മജിസ്ട്രേറ്റിനോട് പറഞ്ഞത്. ഒരു പക്ഷേ നാളെ ഞങ്ങള്‍ ജീവിച്ചിരിക്കില്ല. അവര്‍ക്ക് രാഷ്ട്രീയക്കാരുടെയും പൊലീസിന്‍െറയും സഹായമുണ്ട്. 

ഇതുഭയന്നാണ് പരാതി നല്‍കാന്‍ ഇത്രയും വൈകിയത്. ഇപ്പോള്‍ ഒളിച്ചുനടക്കേണ്ട അവസ്ഥയിലാണ്. ഈ അവസ്ഥയിലാണ് ഭാഗ്യലക്ഷ്മിയോട് വിവരങ്ങള്‍ ധരിപ്പിച്ചതെന്നും യുവതി പറഞ്ഞു. സ്ത്രീക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.

 

Tags:    
News Summary - rape victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.