രാഹുലിനെതിരായ ബലാത്സംഗ കേസ്: ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ഹൈകോടതി വിധിക്കെതിരെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്. മുൻകൂർ ജാമ്യത്തെ എതിർത്താണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നത്. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുവതി അപ്പീൽ ഹരജി നൽകും.

ഫെബ്രുവരി 12നാണ് ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർജാമ്യം അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടത്. ഇതോടെ മൂന്ന് കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്.

കർശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുതെന്നും രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും പാസ്​പോർട്ട് നൽകണമെന്നത് ഉൾപ്പടെയുള്ള കർശന വ്യവസ്ഥകൾ രാഹുലിന് ജാമ്യം നൽകുമ്പോൾ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഫെബ്രുവരി 16ന് രാഹുൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്ന് രാഹുൽ ഹാജരാവുന്നത് ഒരു കസ്റ്റഡിയായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി.

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമാണ് രാഹുലിന്റെ അപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ വാദിച്ചത്. ജാമ്യം അനുവദിക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാനരീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്.

എന്നാൽ, യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാനാകില്ലെന്ന് ഹൈകോടതി വിലയിരുത്തിയിരുന്നു. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു. നഗ്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് ഹൈകോടതി വ്യക്തമാക്കി.

മുമ്പ് 18 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

Tags:    
News Summary - Rape case against Rahul Mamkootathil: First complainant moves Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.