പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോറ്റിയേ കേറ്റിയേ പാരഡി ഗാനം പാടിയ റാന്നിയിലെ യു.ഡി.എഫ് സ്ഥാനാർഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്. 'പോറ്റിയേ കേറ്റിയേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് മതവികാരം വ്രണപ്പെടുത്താനും അതുവഴി വോട്ട് പിടിക്കാനുമാണ് സ്ഥാനാർഥി ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം ഗാനങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
അതേസമയം, താന്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് പഴകുളം മധു പ്രതികരിച്ചു. ശബരിമലയിലെ സ്വര്‍ണക്കൊള്ള എന്ന കുറ്റകൃത്യത്തെക്കുറിച്ചാണ് താന്‍ പാടിയതെന്നും ഒരു അഭിഭാഷകനെന്ന നിലയില്‍ തനിക്ക് നിയമം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യത്തിനെതിരെ സംസാരിക്കുന്നതില്‍ തെറ്റില്ലെന്നും ബി.ജെ.പി-സി.പി.ഐ.എം അവിശുദ്ധ കൂട്ടുകെട്ട് അണികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ വിജയിച്ചാല്‍ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും പഴകുളം മധു അറിയിച്ചു.
ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തില്‍ സ്വര്‍ണക്കൊള്ള വിഷയം സജീവ ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമായാണ് പഴകുളം മധു ഈ ഗാനം ആലപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും ഇതേ ഗാനവുമായി ബന്ധപ്പെട്ട് പ്രസാദ് കുഴിക്കാല പരാതി നല്‍കുകയും നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.