കോഴിക്കോട്: ‘എല്ലാരോടും നന്ദിയുണ്ട്.. ആ ഇരുട്ടുമുറീെൻറ ചുമരുകളൊക്കെ എപ്പഴാ തകർന്ന് ഞങ്ങളെ മേൽക്ക് വീഴുക എന്നറീല്ലായിരുന്നു. ജീവൻ കൈയിൽപിടിച്ചാ ഓരോ ദിവസോം തള്ളിനീക്കീത്. ഇപ്പോ പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം തോന്നുന്നു. വാടകക്കാണേലും ഇനി മനസ്സമാധാനായിട്ട് ഉറങ്ങാലോ’’ -മായനാട് നടപ്പാലത്തെ വീടിനു മുന്നിൽ തങ്ങളെ കാണാനെത്തിയ ഡോ. എം.കെ. മുനീർ എം.എൽ.എയോടും മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും ഇതുപറയുമ്പോൾ റാണിയുടെ മുഖത്ത് ആനന്ദക്കണ്ണീർ തിളങ്ങുന്നുണ്ടായിരുന്നു.
ഒരാൾക്കുപോലും നിന്നുതിരിയാൻ കഴിയാത്ത കുടുസ്സുമുറിയിലെ ദുരിത ജീവിതത്തിൽനിന്ന് റാണിയും മകൾ വിനീതയും പേരമകൾ വൈഗയും കരകയറിയത് ശനിയാഴ്ചയാണ്. ‘മാധ്യമം’ ദിവസങ്ങൾക്കുമുമ്പ് പ്രസിദ്ധീകരിച്ച വാർത്തയിലൂടെ കുടുബത്തിെൻറ ദുരിതം നേരിട്ടറിഞ്ഞ എം.െക. മുനീർ എം.എൽ.എ നടത്തിയ ഇടപെടലുകളാണ് തുണയായത്. എം.എൽ.എയുടെ ക്ഷേമപദ്ധതിയായ മിഷൻ കോഴിക്കോടും സുമനസ്സുകളും ചേർന്നാണ് മായനാട്ട് ഇവർക്കായി മൂന്നു മുറികളുള്ള വാടകവീട് ഒരുക്കിയത്.
ശനിയാഴ്ച താമസംമാറ്റിയ വീട്ടിലെത്തിയ എം.െക. മുനീർ എല്ലാ സഹായവും ഉറപ്പുനൽകി. നഗരത്തിലെ ആശുപത്രിയിൽ തുച്ഛവേതനത്തിന് മൈക്രോബയോളജിസ്റ്റായി ജോലി ചെയ്യുന്ന വിനീതക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാൻ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ആരെങ്കിലും ഭൂമി നൽകുകയാണെങ്കിൽ ബംഗളൂരു കെ.എം.സി.സി ഇവർക്കായി വീട് നിർമിക്കുമെന്ന് ഉറപ്പുനൽകിയതായി അറിയിച്ചു. വീട്ടുവാടക മുൻകൂറായി മിഷൻ കോഴിക്കോടും അടുത്ത മാസങ്ങളിൽ ചില സുമനസ്കരുമാണ് നൽകുന്നത്. മുസ്ലിംലീഗ് കുന്ദമംഗലം വാട്സ്ആപ് ഗ്രൂപ് ഒരു മാസത്തേക്ക് ഭക്ഷണം എത്തിക്കും.
മുതലക്കുളത്തെ മുത്തുമാരിയമ്മൻ കോവിലിനു മുന്നിലെ ഇരുട്ടുനിറഞ്ഞ 17/1752 നമ്പർ മുറിയിൽ ഏറെക്കാലമായി ശ്വാസംമുട്ടി ജീവിക്കുകയായിരുന്നു ഈ കുടുംബം. അലക്കുജോലി ചെയ്തിരുന്ന റാണിക്ക് കാലിന് മുഴ വന്നതിനെ തുടർന്ന് ജോലി നിർത്തേണ്ടിവന്നു. ഒമ്പതു വർഷം മുമ്പാണ് ഇവരുടെ ഭർത്താവ് മരിച്ചത്.
പൊള്ളാച്ചിയിലേക്ക് വിവാഹം ചെയ്തയച്ച വിനീതയുടെ ദാമ്പത്യം സ്ത്രീധനത്തിെൻറ പേരിൽ അവസാനിച്ചു. ‘മാധ്യമം’ വാർത്ത കണ്ട് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി എം.പി. ജയരാജ് ഉൾെപ്പടെയുള്ളവർ സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.