രമേശ് ചെന്നിത്തല കുടുംബത്തോടൊപ്പം
നാല് പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യത്തിന്റെ സുന്ദരമായ ഓർമകൾ പങ്കുവെക്കുകയാണ് രമേശ് ചെന്നിത്തല. തന്റെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിലും തണലായി നിന്ന പ്രിയതമ അനിതക്കൊപ്പമുള്ള 40 വർഷത്തെ യാത്രയെക്കുറിച്ച് അദ്ദേഹം കുറിക്കുന്നു. ഒരാളുടെ ത്യാഗം മറ്റൊരാളുടെ വസന്തമായി മാറിയ, രണ്ട് ജീവിതങ്ങൾ ഒരു വൃക്ഷമായി പടർന്ന മനോഹരമായ കാലഘട്ടമാണിത്. പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിൽ പലതും നഷ്ടപ്പെട്ടപ്പോഴും പരാതികളില്ലാതെ കൂടെനിന്ന പങ്കാളിക്കുള്ള സ്നേഹസമർപ്പണമാണിത്. വീഴ്ചകളിൽ താങ്ങായതും മക്കൾക്ക് അച്ഛനും അമ്മയുമായി നിന്നതും അനിതയായിരുന്നുവെന്ന് അദ്ദേഹം സ്നേഹത്തോടെ ഓർക്കുന്നു.
നാലു പതിറ്റാണ്ടുകള്‍ ഒരു മനുഷ്യായുസില്‍ നിസാരമായ ഒരു കാലയളവല്ല. രണ്ടു മനുഷ്യരുടെ ജീവിതങ്ങള്‍ പരസ്പരം കെട്ടിപ്പിണഞ്ഞ് ഇണപിരിയാത്തവണ്ണം ഒറ്റവൃക്ഷമാകാന്‍ ഈ നാല്‍പതു വര്‍ഷങ്ങള്‍ ധാരാളം. ഒരാളുടെ ത്യാഗങ്ങള്‍ മറ്റൊരാളുടെ വസന്തമാകുന്നു. ഒരാളിന്റെ കറയറ്റ സ്‌നേഹം മറ്റെയാള്‍ക്കു വേരുപടലങ്ങളാകുന്നു. അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാല്‍പതു വര്‍ഷങ്ങള്‍ തികയുന്നു.
രണ്ടു മനുഷ്യരുടെ ജീവിതങ്ങള്‍ക്ക് എങ്ങനെ പരസ്പര പൂരകമാകാന്‍ കഴിയും എന്നെനിക്കു മനിസിലാക്കിത്തന്നത് എന്റെ തന്നെ ജീവിതമാണ്. ഞാന്‍ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു എന്റെ കുഞ്ഞുങ്ങള്‍ക്ക് അച്ഛനും അമ്മയും. ഞങ്ങള്‍ ഒരേ സിംഫണിയിലെ ശ്രുതികളായിത്തന്നെയൊഴുകി എന്നതാണ് ഞങ്ങളുടെ നാല് പതിറ്റാണ്ടുകളെ മധുരമാക്കുന്നത്.
വിവാഹ ജീവിതത്തിലേക്കു കടന്നെത്തുന്ന ഒരു പെണ്‍കുട്ടി സാധാരണ പ്രതീക്ഷിക്കുന്ന പല നിമിഷങ്ങളും ഞങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. ഒരു പക്ഷേ അവള്‍ അത് പ്രതീക്ഷിച്ചിട്ടുണ്ടാകണം. ആ മനസിലാക്കലും ക്ഷമയും സ്‌ഥൈര്യവുമാണ് ഞങ്ങളുടെ ജീവിതത്തെ ഇത്രമാത്രം മുന്നോട്ട് നയിച്ചത്. ഈ മനോഹരദിവസം ഒപ്പം അമ്മയില്ലല്ലോ എന്ന വേദന കരള്‍ കടയുന്നുണ്ട്.
പക്ഷേ മറ്റേതോ ലോകത്ത് അച്ഛനരികിലിരുന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകണം. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവരുടെ അനുഗ്രഹങ്ങളാണ് ഞങ്ങളുടെ പാതകളെ മധുരമാക്കുന്നത്. നന്ദിയുണ്ട് ഒരുപാട്. അനിതയോട്.... മനസിലാക്കലുകള്‍ക്ക്, താങ്ങായി നിന്നതിന്, ഒപ്പം നടന്നതിന്, കൈപിടിച്ചതിന്, എന്റെ വസന്തവും സംഗീതവുമായതിന്!പ്രിയപ്പെട്ട അനിതയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.