തിരുവനന്തപുരം: ഡിജിറ്റൽ റിസർവേയിൽ ഒരു ദിവസം ചെയ്യേണ്ട ജോലി നിർവ്വചിച്ചു കൊണ്ട് സർവേ വകുപ്പ് അശാസ്ത്രീയമായി നിർണയിച്ച ഔട്ടേൺ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർവേ ഡയറക്ടറേറ്റിനു മുമ്പിൽ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ ഔട്ടേൺ, സർവേ ചെയ്യുന്ന ഭൂപ്രദേശത്തിൻ്റെ ഘടനയുടെ അടിസ്ഥാനത്തിലല്ല നിർണയിച്ചിട്ടുള്ളത്. ഇതിലൂടെ ജീവനക്കാർക്ക് മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ്. പകൽ സമയത്ത് ഫീൽഡ് ജോലിയും രാത്രി ഇത് സംബസിച്ച് റിക്കാർഡു തയാറാക്കേണ്ട ദുരവസ്ഥയാണുള്ളത്. ചില പ്രദേശങ്ങളിൽ കണക്റ്റിവിറ്റിയിലെ പ്രശ്നം മൂലം ജോലി തടസപ്പെടുന്നു. ഇക്കാരണത്താൽ മാത്രം ഒരു ജീവനക്കാരനു പോലും ദൈനംദിന ടാർജറ്റ് പൂർത്തീകരിക്കാൻ കഴിയാതെ വരുന്നു.
നിശ്ചയിച്ച് നൽകിയിട്ടുള്ള ഒട്ടേൺ തുടർച്ചയായി പൂർത്തീകരിക്കാത്ത ജീവനക്കാരുടെ ശമ്പളം പോലും തടയാനുളള നീക്കം നടക്കുന്നു. ഇത്തരത്തിൽ തിടുക്കത്തിൽ ജോലി ചെയ്യിക്കുന്നത് മൂലം സർവ്വേയുടെ കൃത്യത നഷ്ടപ്പെടും. ഇക്കാരണങ്ങളാൽ പദ്ധതി തുടക്കം മുതൽ തന്നെ പാളുന്ന സാഹചര്യമാണുള്ളത്. നഗര ഗ്രാമപ്രദേശങ്ങൾക്കും മലയോര പ്രദേശങ്ങൾക്കും ഒരേ രീതിയിൽ ഫീൽഡ് ജോലികൾ പൂർത്തിയാക്കാൻ സമയം നിശ്ചയിച്ചു.
അമിത ജോലി ഭാരം അടിച്ചേൽപ്പിച്ച് അത് നിർവ്വഹിക്കാൻ കഴിയാതെ വരുമ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി സർവേ നടപടികൾ സ്വകാര്യ മേഖലയക്ക് കൈമാറാനാണ് സർക്കാർ നീക്കം.സർവേ വകുപ്പിലെ പരാതികൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ജീവനക്കാർ തയാറാകുന്ന സാഹചര്യമുണ്ടാകും. ജീവനക്കാരുടെ പോരാട്ടങ്ങൾക്ക് ശക്തമായ പിന്തുണ നൽകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എം. ജാഫർഖാൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ഉമാശങ്കർ, എ . പി. സുനിൽ, സംസ്ഥാന സെക്രട്ടറി ബോബിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.