സി.എ.എ നടപ്പാക്കുന്നതിനെതിരെ ചെന്നിത്തല സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: സി.എ.എ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൗരത്വ ഭേദ​ഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പം സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ല. സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നത് -അദ്ദേഹം പറഞ്ഞു.

പൗരത്വം നൽകുന്നതിൽ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വെയ്ക്കുകയാണ് ഭരണ കൂടം ചെയ്യുന്നത്. ഇത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രത്തെ വർഗീയമായി വിഭജിക്കാനും വർഗീയതയിലുടെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാനുമുള്ള ബി.ജെ.പിയുടെ നിർലജ്ജമായ ശ്രമമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും വൈകിപ്പിച്ച് ഇത് പ്രഖ്യാപിച്ചതിലൂടെ സി.എ.എ ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടാനാണ് അവരുടെ ശ്രമം. ഇന്ത്യയുടെ മനസാക്ഷി ഇതിനെതിരെ ഉണരുക തന്നെ ചെയ്യും. ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോരാടും -അദ്ദേഹം അറിയിച്ചു. 

പൗരത്വ ഭേദഗതി നിയമത്തിന്റെ പുതിയ ചട്ടങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗും ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും ഇന്നലെ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. സി.എ.എ ചോദ്യം ചെയ്തുള്ള ഹരജികൾ നിലനിൽക്കുന്നതിനാൽ പുതിയ ചട്ടം മരവിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നിലവിൽ 250ൽ കൂടുതൽ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ പുതിയ ചട്ടങ്ങൾ പുറത്തിറക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഹരജിയിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമം (സി.എ.എ) അസാധുവാക്കാനുള്ള ശ്രമങ്ങൾ സി.പി.എം തുടരുമെന്ന് പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കി. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ്‌ കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങളിൽനിന്ന്‌ എത്തുന്ന മുസ്‍ലിംകളോട്‌ വിവേചനപരമായ സമീപനം പ്രാവർത്തികമാക്കുന്നതാണ്‌ ചട്ടങ്ങൾ.

ഈ നിയമം നടപ്പാക്കുന്നതിനെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രൂപീകരണവുമായി ബന്ധപ്പെടുത്തുന്നതും മുസ്‍ലിം വിഭാഗത്തിലെ പൗരന്മാരെ വേട്ടയാടാനാണെന്ന്‌ ആശങ്ക ഉയർത്തുന്നു. പൗരത്വ നിർണയ പ്രക്രിയയിൽനിന്ന്‌ സംസ്ഥാന സർക്കാരുകളെ മാറ്റിനിർത്തുംവിധമാണ്‌ ചട്ടങ്ങൾക്ക്‌ രൂപം നൽകിയിരിക്കുന്നത്‌. സി.എ.എയെ എതിർത്ത സംസ്ഥാന സർക്കാരുകളെ ഒഴിവാക്കാനാണ്‌ ഈ നടപടിയെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സി.എ.എ വിഷയത്തിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണി വരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

Tags:    
News Summary - Ramesh Chennithala to move SC case against Citizenship Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.