പ്ലസ് വൺ പാഠപുസ്തകം പരിഷ്കരിക്കുന്നു

തിരുവനന്തപുരം: പ്ലസ്വൺ ക്ലാസിലെ പരിഷ്‍കരിച്ച പാഠപുസ്തകങ്ങൾ ഫെബ്രുവരി രണ്ടാം വാരം പ്രകാശനം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഭാഷാ വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ് എന്നിവ ഉൾപ്പെടെ 41 പുസ്തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയാറാക്കിയിരിക്കുന്നത്. പ്രായോഗിക പഠനത്തിന് ഊന്നൽ നൽകിയുള്ള നൂതനമായ സമീപനമാണ് പുതിയ പുസ്തകങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്. ഒന്ന് മുതൽ പത്താം ക്ലാസ് വരെ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം കഴിഞ്ഞ അധ്യയന വർഷത്തിൽ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.

പാഠപുസ്തക പരിഷ്‌കരണം ഇത്രയും സമയബന്ധിതമായി പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ആകെ 597 പാഠപുസ്തകങ്ങളാണ് തയാറാക്കിയത്. നിർമാണം പൂർത്തിയായ 32 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 10 നകം വിപുലമായ പരിപാടികളോടെ നടക്കും. പൊതുവിദ്യാഭ്യാസ മേഖലയിൽ കെട്ടിട നിർമാണത്തിനടക്കം നാലായിരം കോടിയിലധികം രൂപയുടെ കിഫ്ബി നിക്ഷേപമാണ് സാധ്യമാക്കിയത്.

കിഫ്ബിക്ക് പുറമെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് എന്നിവയെല്ലാം വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചു. കഴിഞ്ഞ 10 വർഷത്തിനകം വിവിധ ഇനങ്ങളിലായി 5000 കോടി രൂപയിലധികം ചെലവിട്ട് നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.

പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകൾക്കും കൈറ്റ് വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ നൽകും. ഫെബ്രുവരിയിൽ 2500 അഡ്വാൻസ്ഡ് കിറ്റുകളാണ് സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂനിറ്റുകൾ വഴി ലഭ്യമാക്കുക. സംസ്ഥാനത്തെ സ്‌കൂളുകളിൽ നേരത്തെ 29000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ലഭ്യമാക്കിയിരുന്നു.

Tags:    
News Summary - Plus One textbook is being revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.