തലകുനിക്കാത്ത സമരവീര്യം; ഇനി പത്മവിഭൂഷൺ വി.എസ്

തിരുവനന്തപുരം: കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നിൽ തലകുനിക്കാത്ത വി.എസ്. അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ കേരളത്തിന്‍റെ സമര ചരിത്രത്തിന് കൂടിയുള്ള അംഗീകാരം. കേരള മുഖ്യമന്ത്രി സി.പി.എമ്മിന്‍റെ പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളിലടക്കം പ്രവർത്തിച്ച വി.എസിന് ലഭിച്ച ബഹുമതി അപ്രതീക്ഷിതമാണ്. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറിൽനിന്ന് ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന് സി.പി.എം നേതൃത്വവും പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളിലൊരാൾക്ക് ഇത്തരം ബഹുമതിയും ആദ്യമാണ്.

വി.എസ് ഏറ്റവും കൂടുതൽ ആശയപരമായും രാഷ്ട്രീയമായും എതിർത്ത ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടമാണ് മരണാനന്തര ബുഹമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി നൽകി ആദരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. രാജ്യം നൽകിയ അംഗീകാരത്തെ കുടുംബം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്‍റെ മകൻ ഡോ. വി.എ. അരുൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ കേരളത്തിന്റെ സമര സ്മരണയിലെ കെടാത്ത നക്ഷത്രമായ വി.എസ് പുന്നപ്ര -വയലാർ സമര നായകനാണ്. സി.പി.ഐയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സി.പി.എം രൂപവത്കരിച്ചവരിലെ അവസാന കണ്ണികൂടിയായിരുന്നു 101 വയസ് പൂർത്തിയാക്കി ജൂലൈ 21ന് വിടവാങ്ങുമ്പോൾ അദ്ദേഹം. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായ വി.എസ് പ്രതിപക്ഷ നേതാവായും ജനശ്രദ്ധ നേടി. ഏഴു തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1980 മുതല്‍ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. ആലപ്പുഴ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20ന് ശങ്കരന്റെയും അക്കമ്മയുടെ മകനായാണ് ജനനം. 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗവും 1940ൽ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമായി. ഇതോടെയായിരുന്നു വി.എസിനെ ഏഴുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ, സമര ജീവിതത്തിന്‍റെ തുടക്കം.

Tags:    
News Summary - Unyielding courage; Now Padma Vibhushan VS.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.