നൂറമ്മ ബിരിയാണി ദർബാർ നാടകത്തിൽ നൂറമ്മയായി ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് എ. രേവതി

ഭക്ഷണരാഷ്​ട്രീയത്തിന്റെ ‘ബിരിയാണി ദർബാറി’ലേക്ക് സ്വാഗതം; ഏറെ ചർച്ചയായ തമിഴ് നാടകം ഇറ്റ്ഫോക്കിൽ അവതരിപ്പിക്കും

തൃശൂർ: ‘‘നിങ്ങൾ ഭക്ഷണത്തിന് വേണ്ടി ഒരു വാതിലിൽ മുട്ടിയാൽ നിങ്ങൾക്ക് എന്തെങ്കിലും ലഭിക്കുന്നത് ഒന്നുകിൽ നിങ്ങൾ ആരെന്നതിനെയും അല്ലെങ്കിൽ വാതിൽ തുറന്നത് ആരാണ് എന്നതിനെയും ആശ്രയിച്ചിരിക്കും. ഇനി നിങ്ങൾ ഒരു ട്രാൻസ്ജൻഡറിന്റെ വാതിലിലാണ് ഭക്ഷണം തേടി മുട്ടുന്നതെങ്കിൽ ഉറപ്പായും അത് തുറക്കപ്പെടുകയും നിങ്ങൾക്ക് അവിടെയുള്ളത് ലഭിക്കുകയും ചെയ്യും. വിഷപ്പിന്റെയും തിരസ്കാരത്തിന്റെയും അപമാനത്തിന്റെയും മൂർച്ച ഏറ്റവും കാഠിന്യത്തിൽ അനുഭവിച്ചവരാണവർ. അതിനാൽ നിങ്ങളെ ഒരിക്കലും അവർ മടക്കി അയക്കില്ല’’. 15 വർഷങ്ങളായി തമിഴ്നാട്ടിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ ആത്മവിശ്വാസത്തിൽ ശ്രീജിത്ത് സുന്ദരം പറയുന്നു. ​​


ശ്രീജിത്തിന്റെ നാടകം ‘നൂറമ്മ ബിരിയാണി ദർബാർ’ അന്താരാഷ്ട്ര നാടകോത്സവത്തിൽ അരങ്ങേറും. പ്രമുഖ ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ എ. രേവതിയാണ് നാടകത്തിലെ പ്രധാന കഥാപാത്രമായ നൂറമ്മയെ അവതരിപ്പിക്കുന്നത് എന്ന സവിശേഷതയും ഉണ്ട്. ഭക്ഷണത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനൊപ്പം ​ട്രാൻസ് മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും ഒറ്റപ്പെടലുകളും ആക്ഷേപങ്ങളും നാടകത്തിൽ പ്രതിപാദിക്കുന്നുണ്ട്.


നാട്ടുകാർ ഏറെ സ്നേഹത്തോടെ നൂറമ്മ എന്ന് വിളിക്കുന്ന നൂർജഹാൻ ബീഗത്തിന്റെ കഥയാണ് ‘ബിരിയാണി ദർബാർ’ പറയുന്നത്. അതീവ രുചികരമായ ബിരിയാണി പാകം ചെയ്യുന്ന നൂറമ്മയിലൂടെ ട്രാൻസ് മനുഷ്യരുടെ കഥ പറയുന്നതോ​ടൊപ്പം ഭക്ഷണത്തിന്റെ രാഷ്ട്രീയവും ചർച്ച ചെയ്യുന്നു. ‘നാൻഗൽ ഇസ്‍ലാമിയർഗൽ’ എന്ന കവിതയുടെ ഗാനരൂപം നാടകത്തിനായി ടി.എം കൃഷ്ണ ആലപിക്കുന്നുണ്ട്.


കോവിഡിന്റെ രണ്ടാം വ്യാപന കാലത്ത് ചെന്നൈയിൽ ട്രാൻസ് മനുഷ്യരുമായി ചേർന്ന് കമ്യൂണിറ്റി കിച്ചൻ നടത്തിയ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നാടകം പിറക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു. "ഭക്ഷണത്തിന് വേണ്ടി ജനങ്ങൾക്കിടയിൽ യാചിച്ച് നടന്ന ഒരു സംഘം ദുരന്തകാലത്ത് ഭക്ഷണം നൽകുന്നവരായി മാറിയ കാഴ്ച തമിഴ്നാട് കണ്ടു. അത് ജനങ്ങളോട് സംവദിക്കണം എന്ന് തോന്നി. അങ്ങനെയാണ് നാടകം ജനിക്കുന്നത്. പോരൂരിലും എരണാവിലെ സുനാമി ഫ്ലാറ്റിലും ട്രാൻസ് മനുഷ്യർ പാകം ചെയ്ത ഭക്ഷണമാണ് കോവിഡ് ദുരിതകാലത്ത് ചെന്നൈയിലെ കുറച്ച് മനുഷ്യരുടെ വിശപ്പകറ്റിയത്. അതി​ന്റെ ഓർമകൂടിയാണ് നാടകം", ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.

അനീഷ് ആന്റോ ആണ് നാടകം എഴുതിയത്. ടി.എം കൃഷ്ണ, മഞ്ജു പൊന്നാപ്പള്ളി എന്നിവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സൗമ്യ, ശീതൾ ശ്യാം എന്നിവരും അരങ്ങിലെത്തും. രൂപൺ, ഗാന വിമല, മഞ്ജു എസ്. ഭാർഗവി, ജെന്നി ഭാരതി, സന്ദീപ് കുമാർ എന്നിവരും നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നു. 28ന് രാവിലെ 11നും വൈകുന്നേരം 4.30നും ഇറ്റ്ഫോക്കിൽ നാടകം അവതരിപ്പിക്കും.

Tags:    
News Summary - The play Biriyani Darbar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.