അയ്യപ്പ സംഗമം നടത്തിയവർ കപട ഭക്തരെന്ന് ചെന്നിത്തല; ‘മുദ്രാവാക്യം വിളിക്കുന്നത് പോലെ ശരണം വിളിക്കുന്നത് കണ്ടതാണ്’

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിയവർ കപട ഭക്തരാണെന്നും മുദ്രാവാക്യം വിളിക്കുന്നത് പോലെ അവർ ശരണം വിളിക്കുന്നത് എല്ലാവരും കണ്ടതാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കേണ്ടതില്ലെന്നത് യു.ഡി.എഫ് വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കഴിഞ്ഞ ഒമ്പതര വർഷം ഭരണത്തിൽ ഇരുന്നിട്ട് ശബരിമലക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് എൽ.ഡി.എഫ് സർക്കാർ. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവിധ കോൺക്ലേവ് നടക്കുന്നതുപോലെ അവർ തട്ടിക്കൂട്ടിയ ഒരു കോൺക്ലേവാണിതെന്നും ചെന്നിത്തല പറഞ്ഞു.

അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ സർക്കാറിനോട് രണ്ട് ചോദ്യങ്ങളാണ് ഉന്നയിച്ചത്. ആദ്യത്തേത് യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അഫിഡവിറ്റ് പിൻവലിക്കാനോ തിരുത്താനോ തയാറുണ്ടോ?. രണ്ടാമത്തേത്, നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഭക്തരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് പിൻവലിക്കാൻ തയാറുണ്ടോ?.

ഈ രണ്ട് ചോദ്യങ്ങളിലും വളരെ നിഷേധാത്മകമായ പ്രതികരണമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരുപക്ഷേ ഈ വിഷയങ്ങളിൽ കൃത്യമായ മറുപടി തന്നിരുന്നുവെങ്കിൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം യു.ഡി.എഫ് പുനർവിചിന്തനം നടത്തുമായിരുന്നേനെ. എന്നാൽ അത്തരത്തിലുള്ള യാതൊരു ആത്മാർഥമായ നിക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അയ്യപ്പ സംഗമം ബഹിഷ്കരിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ആരെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് എതിർപ്പും ഉണ്ടായിരുന്നില്ല.

ശബരിമലയുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി എല്ലാ കാലവും നിലകൊണ്ടത് യു.ഡി.എഫ് സർക്കാരുകളാണ്. കോൺഗ്രസ് എന്നും വിശ്വാസ സമൂഹത്തിന് ഒപ്പമാണ്. ആ നിലപാട് അങ്ങനെ തന്നെ തുടരും. ഇപ്പോൾ സംഗമം നടത്തിയവർ കപട ഭക്തരാണ്. മുദ്രാവാക്യം വിളിക്കുന്നത് പോലെ അവർ ശരണം വിളിക്കുന്നത് എല്ലാവരും കണ്ടതാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ 10 വോട്ട് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ചു നടത്തിയ ഒരു സ്റ്റണ്ട് മാത്രമാണ് ഈ പരിപാടി.

എൻ.എസ്.എസ് ഒരു മതേതര പ്രസ്ഥാനമാണ്. എല്ലാ കാലത്തും മതേതര മൂല്യങ്ങളെ കൃത്യമായി മുറുകെപ്പിടിച്ച പ്രസ്ഥാനം. ഇതുവരെ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ആൾക്കാരെ അവർ ഒരു പരിപാടിയിലും പങ്കുകൊള്ളിച്ചിട്ടില്ല.

ശബരിമല വിഷയത്തിൽ അവരുടെ നിലപാട് വളരെ വ്യക്തമാണ്. ആ പ്രശ്നത്തിൽ അവർ സർക്കാറിനോടൊപ്പം ആണ് എന്നാണ് അതിൻറെ ജനറൽ സെക്രട്ടറി പറഞ്ഞത്. അത് ഞങ്ങൾ അംഗീകരിക്കുന്നു. അവർക്ക് അത്തരമൊരു നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതോടൊപ്പം തന്നെ അദ്ദേഹം പറഞ്ഞത് രാഷ്ട്രീയത്തിൽ ഞങ്ങളുടെ സമദൂരം തുടരുമെന്ന് തന്നെയാണ്. അതായത് ശബരിമല വിഷയത്തിൽ അവർ എടുത്ത നിലപാട് അല്ല രാഷ്ട്രീയമായി അവർ എടുക്കുന്നത്. ഈ സമദൂരത്തിൽ ശരിദൂരമുണ്ട് എന്നത് മറക്കരുത്. ദിവംഗതനായ നാരായണ പണിക്കർ ജനറൽ സെക്രട്ടറിയായിരുന്ന കാലം മുതൽ സമദൂരമാണ് എൻ.എസ്.എസിന്റെ നിലപാട്.

എൻ.എസ്.എസ് ഇടതുപക്ഷത്തോടെ അടുക്കുന്നു എന്ന നിലയിൽ കുറച്ച് നിക്ഷിപ്ത താൽപര്യക്കാരും കുറച്ച് മാധ്യമങ്ങളും പറഞ്ഞ് പരത്തുന്നുണ്ട്. ഇത് ശരിയല്ല. അവരുടെ ഉദ്ദേശം വേറെയാണ്. രാഷ്ട്രീയപരമായി അവർക്ക് കൃത്യമായ നിലപാടുണ്ട് എന്നത് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ആവർത്തിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഒരു നിലപാടും രാഷ്ട്രീയപരമായി മറ്റൊരു നിലപാടും ആകാം. അതിൽ ഒരു തെറ്റുമില്ല. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കണ്ട ആവശ്യം തന്നെയില്ല.

ഞങ്ങൾ എസ്.എൻ.ഡി.പിയുമായും എൻ.എസ്.എസുമായും നല്ല ബന്ധം തുടരുന്നുണ്ട്. ഞങ്ങൾ ഒരു സമുദായ സംഘടനകളുടെയും വികാരങ്ങളെ ഇതുവരെ വ്രണപ്പെടുത്തിയിട്ടില്ല. ശബരിമലയിൽ നവോഥാനത്തിന്റെ പേരിൽ യുവതികളെ കയറ്റിയത് ഈ സർക്കാരാണ്. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയത് ഈ സർക്കാരാണ്. എന്നിട്ട് അതിലൊന്നും മാപ്പ് പറയാതെ യാതൊരു നിലപാടും തിരുത്താതെ അവർ അയ്യപ്പ സംഗമം നടത്തി.

യു.ഡി.എഫിനും കോൺഗ്രസിനും ശബരിമലയുടെ കാര്യത്തിൽ കൃത്യമായ നിലപാടുണ്ട്. എന്നാൽ എൽ.ഡി.എഫ് സർക്കാരിന് ആ നിലപാടില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഒരു നിലപാടുമില്ല. അദ്ദേഹം കാപട്യം കാണിക്കുകയാണ്. ഒരു കപട ഭക്തന്റെ വേഷം കെട്ടി ഇറങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന് അയ്യപ്പന്‍റെ കാര്യത്തിൽ താൽപര്യമില്ല, ശബരിമലയുടെ കാര്യത്തിൽ താല്പര്യമില്ല, അദ്ദേഹത്തിനെ ആകെ താൽപര്യമുള്ളത് വോട്ടിന്റെ കാര്യത്തിൽ മാത്രമാണ്. അതുകൊണ്ടാണ് ഈ പുതിയ വേഷം കെട്ടി ഇറങ്ങിയിരിക്കുന്നത്.

പക്ഷേ ഇതൊക്കെ തിരിച്ചറിയാനുള്ള കഴിവ് ഭക്തജനങ്ങൾക്കുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.പി.എം ഭൂരിപക്ഷ പ്രീണനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. എല്ലാം വോട്ടിനു വേണ്ടിയും തെരഞ്ഞെടുപ്പിനു വേണ്ടിയും മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    
News Summary - Ramesh Chennithala says those who conducted Ayyappa Sangam are hypocrites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.