‘പ്രസാഡിയോ കമ്പനി ആരുടേത്, രാം ജിത്ത് ആരാണ്?’; എ.ഐ കാമറയല്ല സ്ഥാപിച്ചതെന്ന് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ കാമറ പദ്ധതി കൃത്യമായ ആസൂത്രണത്തോടെ സർക്കാറിന്‍റെയും മന്ത്രിസഭയുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കിയ കേരളം കണ്ട വലിയ കൊള്ളയും അഴിമതികളിലൊന്നുമാണെന്ന്​​ രമേശ്​ ചെന്നിത്തല. ഇതിന്‍റെ ഉത്തരവാദിത്തത്തിൽനിന്ന്​ മന്ത്രിസഭക്ക്​ ഒഴിഞ്ഞുമാറാനാകില്ല. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ചവറ്റുകൊട്ടയിലെറിയുകയാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ജുഡീഷ്യൽ അന്വേഷണമാണ്​ യു.ഡി.എഫ്​ ആവശ്യപ്പെടുന്നത്​. അതിന്​ സർക്കാർ തയാറുണ്ടോ. ഏതെങ്കിലും ബലിയാടിനെ സൃഷ്ടിച്ച്​ തട്ടിപ്പ് തേച്ചുമാച്ച് കളയാനാണ്​ ശ്രമിക്കുന്നത്​. സര്‍ക്കാറിന്റെ ഉന്നതതലത്തില്‍നിന്നുള്ള നിർദേശമനുസരിച്ചാണ് എല്ലാം നടന്നിരിക്കുന്നത്. 232 കോടി രൂപ നല്‍കാമെന്ന് സർക്കാർ​ പറഞ്ഞ പദ്ധതി കെല്‍ട്രോണ്‍ 151 കോടി രൂപക്ക് എസ്​.ആർ.ഐ.ടിയെ ചുമതലപ്പെടുത്തി. എസ്​.ആർ.ഐ.ടി ഇത് പ്രസാഡിയോ, അല്‍ഹിന്ദ് എന്നീ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി.

അല്‍ ഹിന്ദ് പിന്മാറിയതോടെ പകരം ലൈറ്റ് മാസ്റ്റര്‍ എന്ന കമ്പനി വന്നു. കാമറ ഉള്‍പ്പെടെ ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിവരുന്ന ആകെ സാധനസാമഗ്രികളുടെ വില 75,32,58,841 രൂപയാണെന്ന്​ രേഖകൾ പുറത്തുവിട്ടുകൊണ്ട്​ ചെന്നിത്തല പറഞ്ഞു. 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നുമാണ്​ രേഖകൾ. ഇതാണ് ഇപ്പോള്‍ 232 കോടിയായി ഉയര്‍ന്നത്​. ബാക്കി കോടികള്‍ ആരുടെ കീശയിലേക്കാണ് പോയതെന്ന്​ കണ്ടെത്തണം.

കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം. ഇദ്ദേഹം കെ- ഫോൺ പദ്ധതി നടത്തിപ്പുകാരിൽ ഒരാൾ കൂടിയാണ്​. ശിവശങ്കറിന് സർക്കാറിൽ ഉണ്ടായിരുന്നതിനെക്കാൾ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

പ്രസാഡിയോ എന്ന കമ്പനിയെക്കുറിച്ച് അന്വേഷണം വേണം. കമ്പനിയുടെ ഉടമ രാംജിത്ത് ആരാണ്, മുഖ്യമന്ത്രിയുമായി എന്ത് ബന്ധം, എത്രതവണ ക്ലിഫ് ഹൗസ് സന്ദർശിച്ചു എന്നതടക്കമുള്ള വിവരങ്ങളെല്ലാം പുറത്തുവരണമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala released the purchase documents and camera specifications in AI camera scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.