മീഡിയവണിനെതിരായ നിരോധനം ഉടന്‍ പിന്‍വലിക്കണം -ചെന്നിത്തല

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലിലൊന്നായ മീഡിയവണിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല.

ഇത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്ന് പോലും സംശയമുണ്ട്. രണ്ടാo തവണയാണു മീഡിയ വണിനെതിരെ നടപടി എടുക്കുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കണമെന്നാണ് തന്‍റെ അഭ്യർഥനയെന്നും ചെന്നിത്തല പറഞ്ഞു.  

എത്രയും പെട്ടന്ന് ഈ നിയന്ത്രണം പിന്‍വലിക്കണമെന്നും സ്വതന്ത്രമായി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനുളള അവകാശം പുനസ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ബന്നി ബഹനാൻ

മീഡിയവൺ ചാനലിന്‍റെ സംരക്ഷണാവകാശം വിലക്കിയ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്‍റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തോടും ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ബന്നി ബഹനാൻ എം.പി. കേന്ദ്രസർക്കാറിനെതിരെ തിരിയുന്ന മാധ്യമങ്ങളുടെ പ്രവർത്തനാനുമതിയെ വിലക്കിയും മാധ്യമ പ്രവർത്തകരെ ജയിലിലാക്കിയും മാധ്യമ സ്വാതന്ത്ര്യത്തെ വായടപ്പിക്കാൻ ശ്രമിക്കുന്ന മോദി ഭരണകൂടത്തിന്‍റെ ചെയ്തികളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുകയില്ല. ജനാധിപത്യം ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും കടക്കൽ കത്തി വെക്കുന്നതാണ് ഈ കേന്ദ്ര നടപടി. വിഷയം പാർലമെന്‍റിന്‍റെ ഈ സമ്മേളനത്തിൽ തന്നെ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ബന്നി ബഹനാൻ പറഞ്ഞു.

കേന്ദ്രസർക്കാർ നടപടി ഏറെ പ്രതിഷേധാർഹമാണന്ന് അബ്ദുസമദ് സമദാനി

മീഡിയവണിന്‍റെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി ഏറെ പ്രതിഷേധാർഹമാണന്ന് ഡോ. എം.പി അബ്ദുസമദ് സമദാനി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന ഇത്തരം നടപടികൾ തീർത്തും ജനാധിപത്യവിരുദ്ധവും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്‍റെ നിഷേധവുമാണ്. ജനാധിപത്യത്തിന്‍റെ സുരക്ഷക്ക് അത്യന്താപേക്ഷിതമായ സ്വതന്ത്ര മാധ്യമപ്രവർത്തനമാണ് ഇതിലൂടെ തടയപ്പെട്ടിരിക്കുന്നതെന്നും സമദാനി ചൂണ്ടിക്കാട്ടി.

ഏകപക്ഷീയ നിലപാടെന്ന് ഹൈബി ഈഡൻ എം.പി

മീഡിയവണിന്‍റെ ലൈസൻസ് റദ്ദാക്കിയ സംഭവം കേന്ദ്ര മന്ത്രിസഭയുടെ ഏകപക്ഷീയമായ നിലപാടെന്ന് ഹൈബി ഈഡൻ എം.പി. സസ്‌പെൻഷൻ ചെയ്യാനുള്ള കാരണം പോലും വ്യക്തമാക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ കേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രി അനുരാഗ് സിങ് താകുറിന് കത്ത് നൽകി.

പത്രസ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ്. ഇത്തരം ഏകപക്ഷീയമായ നടപടികൾ ഭരണഘടന ഉറപ്പ് നൽകിയിരിക്കുന്ന അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരാണ്. മാധ്യമ സ്ഥാപനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാകുന്നത് ജനാധിപത്യ വിരുദ്ധവും നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്നതുമാണെന്നും ഹൈബി ഈഡൻ കത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Ramesh Chennithala React to Mediaone Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.