രാജ്യസഭ തെരഞ്ഞെടുപ്പ്: ജെബി മേത്തര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മഹിള കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവെക്കാനുള്ള തുക നല്‍കിയത്.

രാവിലെ നേതാക്കളെ വസതിയിലും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിലും സന്ദർശിച്ചശേഷമാണ്​ ഉച്ചക്ക്​ 12.30 ഓടെ പത്രികസമർപ്പണത്തിന്​ ജെബി എത്തിയത്​. സംസ്ഥാനത്തുനിന്ന്​ ഒഴിവുള്ള മൂന്ന്​ രാജ്യസഭ സീറ്റുകളിൽ യു.ഡി.എഫിന്​ വിജയ സാധ്യതയുള്ള ഏക സീറ്റിലേക്കാണ്​ ജെബി പ​ത്രിക നൽകിയത്. 


രാജ്യസഭയിലെത്തുന്ന ഏഴാമത്തെ മലയാളി വനിതയും കേരളത്തിന്‍റെ അഞ്ചാമത്തെ വനിതാ പ്രതിനിധിയുമാണ് ജെബി മേത്തർ. കേരളത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി രാജ്യസഭാംഗമാകുന്ന നാലാമത്തെ ആളാണ്. ഭാരതി ഉദയഭാനു, ദേവകി ഗോപീദാസ്, ലീലാ ദാമോദര മേനോൻ എന്നിവരാണ് കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലെത്തിയ മറ്റ് വനിതകൾ.

ബി.എ, എൽഎൽ.ബി ബിരുദധാരിയായ ജെബി 2016 മുതൽ നാലു വർഷം യൂത്ത്​ കോൺഗ്രസ്​ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 2020 മുതൽ കെ.പി.സി.സി അംഗമാണ്. നിലവിൽ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ നഗരസഭ ഉപാധ്യക്ഷയുമാണ്​.

Tags:    
News Summary - Rajya Sabha elections: Jebi Mather files nomination papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.