കോഴിക്കോട്: കേരളത്തിന് മുന്നാം വന്ദേഭാരത് അനുവദിച്ചുവെന്ന അവകാശവാദവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എറണാകളും-ബംഗളൂരു റൂട്ടിലായിരിക്കും വന്ദേഭാരത് സർവീസ് നടത്തുക. കേരളത്തിൽ തൃശൂർ, പാലക്കാട് വഴിയായിരിക്കും സർവീസ്. നവംബർ പകുതിയോടെ പുതിയ വന്ദേഭാരത് ഓടിതുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിന് നിലവിൽ രണ്ട് വന്ദേഭാരത് സർവീസുകളാണ് ഉള്ളത്. തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-കാസർകോട് റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. നേരത്തെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിൽ കോഴിക്കോട് എം.പി എം.കെ രാഘവൻ ആവശ്യം ഉന്നയിച്ചിരുന്നു.
ബംഗളൂരു, കോഴിക്കോട് - ചെന്നൈ, തിരുവനന്തപുരം - മംഗളൂരു എന്നീ റൂട്ടുകളിലൊന്ന് പരിഗണിക്കണമെന്ന് റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എം.പി ആവശ്യപ്പെട്ടിരുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് രാജ്യത്ത് ഇനിയും ആരംഭിച്ചിട്ടില്ല. പുതിയ ട്രെയിനുകൾ സർവീസ് തുടങ്ങുമ്പോൾ കേരളത്തിന് ആദ്യഘട്ടത്തിൽ ട്രെയിനുകളൊന്നും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, രണ്ടാംഘട്ടത്തിൽ കേരളത്തിന് ഒരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിക്കും. ഈ ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച് റെയിൽവേ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.