കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന് മനുഷ്യാവകാശ പ്രവര്‍ത്തകനായ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. വടകര സ്വദേശിയും കോഴിക്കോട് ഗവ. പോളിടെക്നിക്കില്‍ ക്ളര്‍ക്കുമായ രജീഷ് കൊല്ലക്കണ്ടിയെയാണ് സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍െറ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് രജീഷ്.
നവംബര്‍ 29നാണ് കമീഷണര്‍ ഉമ ബെഹ്റ രജീഷിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തയച്ചത്. യു.എ.പി.എ പ്രകാരം കേസെടുക്കാന്‍ കഴിയുന്ന ഗൗരവമായ കുറ്റകൃത്യത്തില്‍ രജീഷ് ഏര്‍പ്പെട്ടുവെന്നാണ് പൊലീസിന്‍െറ ആരോപണം. 1980ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 10 (കെ.സി.എസ് (സി.സി.എ) റൂള്‍സ് പ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
കേരളത്തിലെ ഏതെങ്കിലുമൊരു സ്റ്റേഷനില്‍ തനിക്കെതിരെ യു.എ.പി.എ കേസുള്ളതായി അറിയില്ളെന്നാണ് രജീഷിന്‍െറ പ്രതികരണം. ഇത് പ്രതികാര നടപടിയാണ്. പോരാട്ടം എന്ന സംഘടനയുമായി ഒരു ബന്ധവുമില്ളെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍െറ പ്രവര്‍ത്തകനാണെന്നും രജീഷ് പറയുന്നു. രാവുണ്ണിക്ക് മുറിയെടുത്ത് കൊടുത്തിട്ടില്ല, മറിച്ച് മൃതദേഹം സ്വീകരിക്കാന്‍ ചെന്നൈയില്‍ നിന്നത്തെുമെന്നറിയിച്ച ദേവരാജിന്‍െറ സഹോദരന്‍ ശ്രീധറിനുവേണ്ടി മുറി ബുക്ക് ചെയ്തിരുന്നു. അദ്ദേഹം മുറി ഉപയോഗിച്ചിട്ടുമില്ല. മരണപ്പെട്ടയാളുടെ ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ നിയമ പ്രകാരം ഇടപെടുന്നത് സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം, കേന്ദ്ര ഇന്‍റലിജന്‍സിന്‍െറ റിപ്പോര്‍ട്ട് പ്രകാരമാണ് സിറ്റി പൊലീസ് കമീഷണര്‍ സസ്പെന്‍ഷന് നിര്‍ദേശം നല്‍കിയതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.