'പുത്തനച്ചി പുരപ്പുറം തൂക്കും'; മറുപടിയുമായി സന്ദീപ് വാര്യർ, 'വി.മുരളീധരന് രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കിൽ നേരിട്ട് പറഞ്ഞാൽ മതി'

കോഴിക്കോട്: 'പുത്തനച്ചി പുരപ്പുറം തൂക്കും' എന്ന ബി.ജെ.പി നേതാവ് വി.മുരളീധരന്റെ ആക്ഷേപത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

വി.മുരളീധരന് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കിൽ നേരിട്ട് പറഞ്ഞാൽ മതിയെന്നും തന്നെ കൂട്ടുപിടിച്ച് പറയേണ്ടതില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. മുരളീധരനെയും കെ. സുരേന്ദ്രനെയും ബി.ജെ.പിയുടെ ജില്ലാ മീറ്റിങ്ങുൾക്ക് പോലും വിളിക്കുന്നില്ല എന്നാണ് അറിഞ്ഞത്. അതുകൊണ്ട് അവരുടെ പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് പുരപ്പുറം തൂക്കുമെന്നാണ് അഭിപ്രായമെങ്കിൽ മുഖത്ത് നോക്കി പറയാനുള്ള ആർജവം കാണിക്കണെന്നും എന്നെ ഉപയോഗിച്ച് പറയാൻ നോക്കേണ്ടെന്ന് സന്ദീപ് പറഞ്ഞു.

താൻ കോൺഗ്രസിൽ വന്നിട്ട് ഏഴെട്ട് മാസമായെന്നും ഇവിടെ പുതിയ ആളെല്ലെന്നും ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും മുരളീധരന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

ചാരവൃത്തി അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്നും കാസർകോട് എത്തിച്ചത് വി.മുരളീധരനുമായി അടുത്ത ബന്ധമുള്ളയാളാണെന്നും വന്ദേഭാരത് ഉദ്ഘാടന ദിവസത്തെ പാസുകൾ നൽകിയത് ബി.ജെ.പി ഓഫീസിൽ നിന്നായിരുന്നുവെന്നുള്ള സന്ദീപ് വാര്യറുടെ ആരോപണങ്ങൾക്ക് മറുപടിയായാണ് വി.മുരളീധരൻ 'പുത്തനച്ചി പുരപ്പുറം തൂക്കും' എന്നു പറഞ്ഞത്.

കോൺഗ്രസിനോടാണ് കൂറെന്ന് കാണിക്കാനാണ് സന്ദീപ് വാര്യർ ശ്രമിക്കുന്നതെന്നും ബാക്കിയുള്ളവരേക്കാൾ കൂടുതൽ അധ്വാനിക്കുന്നത് അതിന് വേണ്ടിയാണെന്നും അതിന് തനിക്ക് എതിർപ്പില്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്. 

അതേസമയം, ഇടവേളക്ക്​ ശേഷം സംസ്ഥാന ബി.ജെ.പിയിൽ വീണ്ടും മുറുമുറുപ്പും അതൃപ്തിയും രൂക്ഷമായിരിക്കുകയാണ്. കാര്യമായ കൂടിയാലോചനകളോ പരിഗണനകളോ ലഭിക്കുന്നില്ലെന്ന പരാതിയാണ്​ ചിലർക്ക്​. പുനഃസംഘടനയിൽ ഇവർക്ക്​ പരിഗണന ലഭിച്ചില്ലെങ്കിൽ വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകുന്ന നിലയിലാണ്​ കാര്യങ്ങൾ.

മുൻ കേന്ദ്ര മന്ത്രി രാജീവ്​ ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായി എത്തിയപ്പോൾ പാർട്ടിക്ക്​ പുത്തൻ ഉണർവ്​ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവർത്തകർ. എന്നാൽ അദ്ദേഹം ചുമതലയേറ്റ്​ നാളിത്രയായിട്ടും പ്രകടമായ മാറ്റങ്ങളില്ലെന്നാണ്​ വിലയിരുത്തൽ. മുൻ പ്രസിഡന്‍റുമാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ എന്നിവർക്ക്​ അവരർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി പാർട്ടിയിലുണ്ട്​. പരിചയ സമ്പന്നരായ ഈ നേതാക്കളോട്​ കൂടിയാലോചന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്​.

സംസ്ഥാന സർക്കാറിനെതിരായ പ്രക്ഷോഭങ്ങൾ, ഗവർണറെ സംരക്ഷിക്കേണ്ട ബാധ്യത എന്നിവയിൽ നേതൃത്വം പിന്നാക്കമാണെന്ന അഭിപ്രായവും ഉയരുന്നു. അതിനിടെ വർഷങ്ങളായി നിർമാണം നടന്നുവരുന്ന ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന്‍റെ ഉദ്​ഘാടനത്തിനായി ആഭ്യന്തരമന്ത്രി അമിത്​ഷാ തിരുവനന്തപുരത്ത്​ എത്തുന്നുണ്ട്​. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്​ധപ്പെട്ട പൊതുസമ്മേളനം നാളെ അദ്ദേഹം ഉദ്​ഘാടനം ചെയ്യും. അമിത്​ഷാക്ക്​ മുന്നിൽ സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ ഒരു വിഭാഗം തയാറെടുക്കുകയാണ്​.

അമിത്​ഷായുടെ സന്ദർശനത്തിന്​ മുമ്പ്​ പ്രധാന ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള നീക്കവും പുരോഗമിക്കുന്നു​. പുനഃസംഘടനയിൽ മുൻ ഔദ്യോഗിക വിഭാഗത്തിന്‍റെ പങ്കാളിത്തം കുറയുമെന്ന നിലയിലാണ്​ കാര്യങ്ങൾ. സംസ്ഥാന പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ ഉയർന്ന്​ കേട്ട പേരുകാരായ എം.ടി. രമേശ്​, ശോഭ സുരേന്ദ്രൻ എന്നിവർ ജന.സെക്രട്ടറിമാരാകും എന്നാണ്​ വിവരം.

സെക്രട്ടറിയായിരുന്ന അഡ്വ. എസ്​. സുരേഷ്​, പി.സി. ജോർജിന്‍റെ മകൻ ഷോൺ ജോർജ്​ അല്ലെങ്കിൽ അനൂപ്​ ആന്‍റണി എന്നിവരിൽ ആരെങ്കിലും ജന.സെക്രട്ടറിമാരാകുമെന്നും അറിയുന്നു. സംഘടനാ ചുമതലയുള്ള ജന.സെ​ക്രട്ടറിയെ ആർ.എസ്​.എസ്​ നൽകാത്ത സാഹചര്യത്തിൽ നിലവിലെ ജന.സെക്രട്ടറി അഡ്വ. പി. സുധീറിനെ നിലനിർത്തി അഞ്ച്​ ജന.സെക്രട്ടറിമാരെ നിയോഗിക്കുമെന്നും സൂചനയുണ്ട്​. ബി.ജെ.പി ജില്ലാപ്രസിഡന്‍റായിരുന്ന അഡ്വ. വി.വി. രാജേഷ്​ വീണ്ടും സംസ്ഥാന നേതൃത്വത്തിലേക്ക്​ മടങ്ങിയെത്തിയേക്കും. എന്നാൽ സുരേന്ദ്രൻ പക്ഷത്തെ സി. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർക്ക്​ സ്ഥാനം നഷ്ടപ്പെടാനാണ്​ സാധ്യത.

Tags:    
News Summary - 'If the opinion is that Puthanachi will hang the outside about Rajeev Chandrasekhar, then say directly... Don't try to call me useless'; Sandeep Warrier against V. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.