തിരുവനന്തപുരം: സംസ്ഥാന ഭാരവാഹി പട്ടികക്ക് പിന്നാലെ ബി.ജെ.പിയുടെ രാഷ്ട്രീയ ലൈനിലും മുരളീധര പക്ഷത്തെ വെട്ടി രാജീവ് ചന്ദ്രശേഖർ. ‘വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തിയാണ് തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പിനെ പാർട്ടി നേരിടുക. അധ്യക്ഷന്റെ ഈ നിലപാടിനാണ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ. ആയിരങ്ങളെ അണിനിരത്തി പുത്തരിക്കണ്ടം മൈതാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത വാർഡുതല നേതൃസംഗമത്തോടെ വികസന രാഷ്ട്രീയമാണിനി പാർട്ടിയുടെ ലൈനെന്ന് ഉറപ്പിക്കാനും രാജീവിനായി.
അധ്യക്ഷനായി ചുമതലയേറ്റയുടൻ കോർകമ്മിറ്റിയിൽ ‘വികസിത കേരളം’ എന്ന ആശയം രാജീവ് മുന്നോട്ടുവെച്ചെങ്കിലും മുരളീധര പക്ഷം തള്ളുകയായിരുന്നു. രാഷ്ട്രീയം വിട്ട് വികസനം മാത്രം പറഞ്ഞാൽ സമരരംഗത്തുനിന്ന് പാർട്ടി പിന്നാക്കം പോകുമെന്നും തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു യോഗത്തിൽ കെ. സുരേന്ദ്രന്റെ വിമർശനം.
ഇക്കാര്യത്തിൽ മുരളീധര പക്ഷത്തിനുള്ള മറുപടി കൂടിയായി അധ്യക്ഷനായി 110ാം നാളിൽ രാജീവ് സംഘടിപ്പിച്ച വികസിത കേരളം മഹാസമ്മേളനം. പുതിയ ശൈലിയിലൂടെ ഇടത്, വലത് മുന്നണികളെ മാറിമാറി പിന്തുണക്കുന്ന മധ്യവർഗത്തിന്റെ വോട്ടിലാണ് രാജീവ് കണ്ണുവെക്കുന്നത്.
കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ സംസ്ഥാനമാകെ സഞ്ചരിച്ചും ഇതര പാർട്ടി നേതാക്കളുമായടക്കം ആശയവിനിമയം നടത്തിയും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം പഠിച്ച് റിപ്പോർട്ടുണ്ടാക്കിയിരുന്നു. ഇതിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മധ്യവർഗ ജനതക്ക് കേരള ബി.ജെ.പിയിൽ വിശ്വാസമില്ലെന്നാണ്.
ഭരണ തലത്തിൽ പങ്കാളിത്തം വഹിക്കാത്ത പാർട്ടി വികസനത്തിലൂന്നിയ ഒരു ചർച്ചപോലും ഇതുവരെ ഉയർത്തിയിട്ടില്ല. ഗ്രൂപ് പോരും തലയെടുപ്പുള്ള നേതാക്കളില്ലാത്തതും ‘വർഗീയ’ പാർട്ടിയെന്ന വിശേഷണവുമാണ് സംഘടനക്കുള്ളതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതോടെയാണ് ദേശീയ നേതൃത്വം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനാക്കിയത്. പാർട്ടിക്കായി പി.ആർ ഏജൻസി നടത്തിയ സർവേയിലും വികസന രാഷ്ട്രീയമാണ് ഉരുത്തിരിഞ്ഞത്. തുടർന്നാണ് ‘മിഷൻ 2025 -26’ ആവിഷ്കരിച്ച് ‘എല്ലാവർക്കുമൊപ്പം... എല്ലാവർക്കും വേണ്ടി...’ എന്ന ടാഗ്ലൈനിൽ ‘വികസിത കേരളം’ കാമ്പയിനേറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.