പന്തളം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദം സ്ഥിരീകരിക്കാതെ യുവതിക്ക് കീമോതെറപ്പി നൽകി. സ്വകാര്യ ലാബിലെ പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ ചികിത്സയുടെ പാർശ്വഫലങ്ങൾ നേരിടുകയാണ് പന്തളം കുടശനാട് ചിറക്കുകിഴക്കേകര വീട്ടിൽ പീതാംബരെൻറ മകൾ രജനി. മെഡിക്കൽ കോളജ് ലാബിലും ആർ.സി.സിയിലും നടത്തിയ പരിശോധനയിൽ ഇവർക്ക് അർബുദം ഇല്ലെന്നു തെളിഞ്ഞു.
അർബുദമില്ലാതെ അതിനുള്ള ചികിത്സയും മരുന്നുകളും ഏറ്റുവാങ്ങിയതിെൻറ അനന്തരഫലങ്ങളെല്ലാമുണ്ട് കുടശനാട് സ്വദേശിനി രജനിയുടെ മുഖത്തും ശരീരത്തിലും. ഒറ്റത്തവണമാത്രം ചെയ്ത കീമോതെറപ്പിക്ക് പിന്നാലെ മുടിയെല്ലാം നഷ്ടപ്പെട്ടു. ശരീരമാസകലം കരുവാളിപ്പും അസ്വസ്ഥതകളും. മാറിടത്തിൽ കണ്ടെത്തിയ മുഴ അർബുദമാണെന്ന സംശയത്തെ തുടർന്നു കഴിഞ്ഞ ഫെബ്രുവരി 28നാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. പരിശോധനക്കായി ശേഖരിച്ച സാമ്പിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി.
സ്വകാര്യ ലാബിൽനിന്ന് ലഭിച്ച അർബുദമുണ്ടെന്ന പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിത്സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറപ്പിക്കുശേഷമാണ് അർബുദമില്ലെന്ന പതോളജി ലാബിലെ പരിശോധന ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യ ലാബിൽ നൽകിയ സാമ്പിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും അർബുദം കണ്ടെത്താനായില്ല. ഇതോടെ സാമ്പിളുകൾ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിച്ചും പരിശോധന നടത്തി.
അർബുദം കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കംചെയ്തു. അധികൃതരുടെ ഭാഗത്തുനിന്നും ലാബുകളുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകി. എട്ടുവയസ്സുകാരി മകൾക്കും വയോധികരായ മാതാപിതാക്കൾക്കും ഏക ആശ്രയമാണ് രജനി.
തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെയും ആ റിപ്പോർട്ട് മാത്രം കണക്കിലെടുത്ത് കീമോതെറപ്പി നടത്തിയ ആശുപത്രി അധികൃതർെക്കതിരെയും നടപടി വേണമെന്ന് രജനി ആവശ്യപ്പെടുന്നു.
മെഡിക്കൽ കോളജ് പതോളജി വിഭാഗത്തിെൻറ റിപ്പോർട്ട് വരുംമുമ്പ് ചികിത്സ തുടങ്ങിയ ഡോക്ടർക്കും വീഴ്ചപറ്റിയിട്ടുണ്ട്. ഉത്തരവാദികളായ എല്ലാവരുടെ പേരിലും നടപടിയെടുക്കണമെന്നും രജനി ആവശ്യപ്പെടുന്നു.
അന്വേഷണത്തിന് നിര്‍ദേശം
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാതെ സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിെൻറ അടിസ്ഥാനത്തില്‍ യുവതിക്ക് കീമോതെറപ്പി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.