തിരുവനന്തപുരം: രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് ശശി തരൂർ എം.പി. തനിക്കും ഈ അഭിപ്രായമാണുള്ളതെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറും. രാജ്ഭവന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ആരംഭിച്ച ‘രാജഹംസ്’ ത്രൈമാസ ജേർണലിന്റെ പ്രകാശന ചടങ്ങിലാണ് നിർദേശമുയർന്നത്.
രാജ്ഭവനുകൾ ജനങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന സംവിധാനമാവരുതെന്നും ജനങ്ങളുടെ സ്ഥാപനം എന്ന സ്വഭാവത്തിലേക്ക് മാറണമെന്നും തരൂർ ചൂണ്ടിക്കാട്ടി. രാജഹംസ് സംസ്ഥാന ഭരണത്തിനും ഭരിക്കപ്പെടുന്നവർക്കുമിടയിലെ പാലമായി വർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്ഭവനുകൾ കോട്ടകൾ പോലെയല്ല നിലകൊള്ളേണ്ടതെന്നും പുതിയ കാലത്ത് ജനങ്ങളും രാജ്ഭവനും തമ്മിൽ ‘ടു വേ ട്രാഫിക് ആണ്’ വേണ്ടതെന്നും ഗവർണർ അഭിപ്രായപ്പെട്ടു. 2022ൽ രാഷ്ട്രപതിഭവനിൽ നടന്ന ഗവർണർമാരുടെ യോഗത്തിൽ രജ്ഭവനുകൾ ലോക്ഭവനുകൾ എന്നാക്കണമെന്ന നിർദേശം ഹിമാചൽ ഗവർണറായിരുന്ന താൻ മുന്നോട്ടുവെച്ചിരുന്നു. കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകൾ അവസാനിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: രാജ്ഭവൻ ജേർണൽ ‘രാജഹംസി’ലെ ലേഖനത്തോടുള്ള വിയോജിപ്പ് പ്രകാശനവേളയിൽ തന്നെ ഗവർണറുടെ സാന്നിധ്യത്തിൽ തുറന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളെ കുറിച്ച ലേഖനത്തോടുള്ള എതിർപ്പാണ് മുഖവുരയില്ലാതെ മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സർക്കാറുമായുള്ള കൊമ്പുകോർക്കലിനിടയിലെ മഞ്ഞുരുക്കമായിരുന്നു ചടങ്ങെങ്കിലും മുഖ്യമന്ത്രിയുടെ പരാമർശം രാജ്ഭവനും അപ്രതീക്ഷിതമായിരുന്നു.
ലേഖനം പ്രസിദ്ധീകരിച്ചത് രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലായത് കൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് ആരും കരുതേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ എന്നീ കാര്യങ്ങളിൽ ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെല്ലാം സർക്കാറിന്റെ അഭിപ്രായമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണുത്തരം. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാവാം. വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ കഴുത്തുഞെരിച്ചുകൊല്ലണോ എന്ന പ്രശ്നത്തിൽ ആദ്യത്തേതാണ് വേണ്ടതെന്ന് നിലപാടുള്ള സർക്കാറാണ് കേരളത്തിലേത്.
സംവാദാത്മകമാണ് നമ്മുടെ സമൂഹം. അതുകൊണ്ടുതന്നെ സർക്കാറിന്റേതിൽ നിന്നു വ്യത്യസ്തമോ വിരുദ്ധമോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ മാഗസിനിലുണ്ടാകാം. വിയോജനാഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പായി കേരളത്തിന് കിട്ടിയിട്ടുണ്ട്. അത് ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാറിന്റെ നിലപാട് എന്നതിനാൽ വിരുദ്ധാഭിപ്രായങ്ങൾ സർക്കാറിനെ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വിവാദവിഷയങ്ങൾ പരാമർശിക്കാനോ മറുപടി പറയാനോ ഗവർണർ മുതിർന്നില്ല. അതിഥികളായെത്തിയ മുഖ്യമന്ത്രിയെയും ശശി തരൂരിനെയും വാനോളം പുകഴ്ത്തിയായിരുന്നു ഗവർണറുടെ പ്രസംഗം. രാജ്ഭവന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത ‘രാജഹംസ്’ ജേർണൽ ശശി തരൂരിന് നൽകിയാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തത്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഗവർണറുമായി അകലം പാലിച്ചിരുന്ന മുഖ്യമന്ത്രി ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് രാജ്ഭവനിലേക്കെത്തിയത്. സ്വാതന്ത്ര്യ ദിനത്തിലെ ഗവർണറുടെ വിരുന്നായ അറ്റ് ഹോമിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കുമ്മനം രാജശേഖരൻ, മുൻ ചീഫ് സെക്രട്ടറി കേരള വി.സി ഡോ. മോഹനൻ കുന്നമ്മൽ, കുസാറ്റ് വി.സി ഡോ. ജുനൈദ് ബുഷ്രി, ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി ഡോ. സിസ തോമസ്, സൂര്യ കൃഷ്ണമൂർത്തി, ആർക്കിടെക്ട് ജി. ശങ്കർ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ജി. സുരേഷ് കുമാർ, മേനക സുരേഷ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.