പെയ്ത്ത് തുടരുന്നു; എല്ലായിടത്തും മുൻകരുതൽ

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ മഴ ചൊവ്വാഴ്ചയും തുടരുകയാണ്. ചില ജില്ലകളിൽ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതിക്ക് ശമനമില്ല.

•കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച മഴ ശക്തി കുറഞ്ഞെങ്കിലും നാശനഷ്ടത്തിന് കുറവില്ല. വിവിധ താലൂക്കുകളിലായി 14 വീടുകൾ ഭാഗികമായും രണ്ടു വീട് പൂർണമായും തകർന്നു. ഇത്തിക്കരയാറിൽ കുണ്ടുമൺ ഭാഗത്ത് കുളിക്കാനിറങ്ങിയ കൊല്ലം കിളികൊല്ലൂർ അനുഗ്രഹ നഗർ സജീന മൻസിലിൽ നൗഫലിനെ (21) കാണാതായി.

•എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച പകൽ മഴക്ക് അൽപം ശമനമുണ്ടായെങ്കിലും കെടുതികൾ നീങ്ങിയില്ല. മുനമ്പത്തുനിന്ന് പോയ മീൻപിടിത്ത ബോട്ട് അഴിമുഖത്തുവെച്ച് നിയന്ത്രണംവിട്ട് മുനമ്പം വേളാങ്കണ്ണി പള്ളിക്കു സമീപം മണലിൽ ഉറച്ച് മറിഞ്ഞു. 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് കോടനാട് ആനക്കൊട്ടിലിനു സമീപത്തെ എലിഫന്റ് പാസ് റിസോർട്ടിൽ കുടുങ്ങിയ വിദേശ പൗരന്മാർ അടക്കമുള്ള വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. രണ്ടു വിദേശികളും ഫോർട്ട്കൊച്ചി സ്വദേശികളായ കുടുംബവും റിസോർട്ട് ജീവനക്കാരുമാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്. പെരിയാർ കരകവിഞ്ഞു. ആലുവ മണപ്പുറം ക്ഷേത്രത്തിന്‍റെ മുകൾഭാഗം വരെ വെള്ളത്തിൽ മുങ്ങി.

•ആലപ്പുഴയിൽ മഴക്ക് ശമനമുണ്ട്. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, ചെറുവള്ളങ്ങൾ എന്നിവ ബുധനാഴ്ച അർധരാത്രിവരെ നിരോധിച്ചിരിക്കുകയാണ്. പമ്പ, മണിമല നദികളിൽ ജലനിരപ്പ് അപകടനിലക്കു മുകളിലാണ്. ജില്ലയിൽ അഞ്ചിടത്ത് ക്യാമ്പ് തുറന്നു.

•കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ തുടരുന്നു. കഴിഞ്ഞദിവസം വലിയതോതിൽ വെള്ളം കയറിയ ഈരാറ്റുപേട്ടയിൽ മഴക്ക് നേരിയ ശമനമുണ്ട്. കോട്ടയം നഗരപ്രദേശത്തും പകൽ മഴ മാറിനിന്നു. കൂട്ടിക്കൽ ചപ്പാത്തിൽനിന്നു പുല്ലകയാറിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. തീക്കോയി-മംഗളഗിരി-മാർമല-അരുവി റോഡിൽ എസ്റ്റേറ്റ് ഭാഗത്ത് ചൊവ്വാഴ്ച പുലർച്ച ഉരുൾപൊട്ടി. ആളപായമില്ല.

•ഇടുക്കി ജില്ലയിൽ കനത്തു. ചൊവ്വാഴ്ച വൈകീട്ട് ആറു വരെ 47 കുടുംബങ്ങളിലെ 127 പേരെ ഏഴു ക്യാമ്പുകളിലേക്കു മാറ്റി. ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. അഞ്ചു ഡാമുകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടിൽ ചൊവ്വാഴ്ച രാവിലത്തെ കണക്കുപ്രകാരം 2373.96 അടിയാണ് ജലനിരപ്പ്. 2375.53 അടിയിലെത്തിയാൽ നീല ജാഗ്രത പ്രഖ്യാപിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനരിപ്പ് 134.75 അടിയായി ഉയർന്നു. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

•പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിൽനിന്ന് കൂടുതൽ വെള്ളം പുറത്തേക്കു വിടുകയാണ്. ഇതോടെ പമ്പയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു.

ശക്തമായ മലവെള്ളപ്പാച്ചിലിൽ അച്ചൻകോവിൽ, മണിമല ആറുകളും നിറഞ്ഞൊഴുകുന്നു. പ്രളയമേഖലയിൽ ഇതുവരെ 25 ക്യാമ്പ് തുറന്നു. 426 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്.

•കണ്ണൂരിൽ തിങ്കളാഴ്ച രാത്രി എട്ടോടെ വെള്ളറ കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം ചൊവ്വാഴ്ച നടന്ന തിരച്ചിലിൽ കണ്ടെത്തി. നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ സെമിനാരി വില്ലക്ക് സമീപം ഉരുൾപൊട്ടി. വയനാട് ചുരം റോഡിൽ പലയിടത്തും മണ്ണിടിഞ്ഞു.

•വയനാട് ജില്ലയിൽ തിങ്കളാഴ്ച രാത്രി സുൽത്താൻ ബത്തേരിയിലെ പലയിടങ്ങളിലും വെള്ളം കയറി. മുത്തങ്ങ പൊൻകുഴി പുഴ കവിഞ്ഞൊഴുകിയതോടെ ദേശീയപാതയിൽ പുലർച്ച മുതൽ ഗതാഗതം തടസ്സപ്പെട്ടു. പൊൻകുഴി ഭാഗത്തും തകരപ്പാടിയിലുമാണ് വെള്ളം കയറിയത്. വൈകീട്ടോടെയാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്. വയനാട്ടിലെ മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു.

•മലപ്പുറം ജില്ലയിൽ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പൊന്നാനി ഹാർബറിലെ മുഴുവൻ ബോട്ടുകളും തിങ്കളാഴ്ചതന്നെ തിരിച്ചെത്തി.

•തൃശൂർ ചാവക്കാട് ചേറ്റുവ അഴിമുഖത്തുനിന്ന് തിരയിൽപെട്ട് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരെ കണ്ടുകിട്ടിയില്ല. പറമ്പിക്കുളം ഡാം തുറന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റും ചൊവ്വാഴ്ച വെളുപ്പിന് തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ചാലക്കുടി നഗരസഭയടക്കം വിവിധ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി.

•പാലക്കാട് നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് നാലാം തീയതി വരെ വിനോദയാത്രക്ക് വിലക്കേർപ്പെടുത്തി. അട്ടപ്പാടിയിലേക്കും യാത്രാനിരോധനമുണ്ട്.

മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഭാരവാഹനങ്ങൾ കടത്തിവിടില്ല.

•തിരുവനന്തപുരം, കോഴിക്കോട്, കാസർക്കോട് ജില്ലകളിൽ മഴ കുറഞ്ഞതിനാൽ നാശനഷ്ടങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - Rain continues; Caution everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.