മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ച സംഭവത്തിൽ പ്രതിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. പട്ടാമ്പി സ്വദേശി കുഞ്ഞുമൊയ്തീനെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
ലഗേജുകളുമായി ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തിയാണ് ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ വാഹനം ഓടിച്ചത്. ബുധനാഴ്ച കുഞ്ഞുമൊയ്തീനെ ഷൊർണൂർ ആർ.പി.എഫ്. ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോൾ താൻ റെയിൽവേസ്റ്റേഷന് സമീപത്തുള്ള സബ് രജിസ്റ്റാർ ഓഫീസിലേക്ക് വരുകയായിരുന്നെന്ന മറുപടിയാണ് കുഞ്ഞുമൊയ്തീൻ നൽകിയത്.
ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ പകർത്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതോടെയാണ് ആർ.പി.എഫ്. രംഗത്തിറങ്ങിയത്. റെയിൽവേസ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളിൽ സ്‌കൂട്ടറിന്റെ നമ്പർ ലഭ്യമായതോടെ ഉടമയെ തിരിച്ചറിയുകയായിരുന്നു.
റെയിൽവേ പരിധിയിലേക്ക് അനധികൃതമായി വാഹനം പ്രവേശിപ്പിച്ചതിനും യാത്രക്കാരുടെ സുരക്ഷയ്ക്ക് അപകടം ഉണ്ടാക്കും വിധം വാഹനം ഓടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്ന് റെയിൽവേ സുരക്ഷാസേന അധികൃതർ അറിയിച്ചു. കുഞ്ഞുമൊയ്തീന് ജാമ്യം നൽകി വിട്ടയച്ചെങ്കിലും വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.