പ്രതീകാത്മക ചിത്രം

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. നേരത്തെ പ്രഖ്യാപിച്ച മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ എട്ടുവരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴക്ക്​ സാധ്യത ഉണ്ടെന്നായിരുന്നു അറിയിപ്പ്. എന്നാൽ പുതിയ മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ ഒമ്പത് വരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴക്കും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ മുന്നറിയിപ്പ് പ്രകാരം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒക്ടോബർ ഒമ്പതിനും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒക്ടോബറിൽ സാധാരണയേക്കാൾ ചൂടും മഴക്കുറവ് അനുഭവപ്പെടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎം.ഡി) നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ചില മേഖലകളിൽ സാധാരണയോ അതിൽ കൂടുതലോ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സെപ്റ്റംബർ 30ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങിയപ്പോൾ രാജ്യത്ത് 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണ ലഭിക്കേണ്ട 868.6 മില്ലിമീറ്റർ മഴക്ക് പകരം 759.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മൺസൂൺ കാലത്തെ മഴക്കുറവിന് പ്രധാന കാരണങ്ങളിലൊന്നായി ശക്തിപ്രാപിക്കുന്ന എൽ നിനോയാണെന്ന് ഐ.എം.ഡി ചൂണ്ടിക്കാട്ടുന്നു. എൽ നിനോ സാഹചര്യം 2027 മാർച്ച് വരെ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Heavy Rainfall Warning in Kerala: Yellow Alert Issued for 10 Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.