തിരുവനന്തപുരം: കൊച്ചുവേളി-ബംഗളൂരു ട്രെയിൻ സർവിസ് ഉടൻ യാഥാർഥ്യമാകുമെന്ന് റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്ൻ. കേരളത്തിെൻറ ആവശ്യം പരിഗണിച്ച് ബംഗളൂരു സർവിസ് ഉടൻ ആരംഭിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. സംസ്ഥാനം ഉന്നയിച്ച മറ്റ് ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കും. കൊച്ചുവേളി-മംഗളൂരൂ അന്ത്യോദയ എക്സ്പ്രസ് സർവിസ് കൊച്ചുവേളിയിൽ ഫ്ലാഗ് ഒാഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ത്യോദയ എക്സ്പ്രസ് ആരംഭിച്ചതിലൂടെ കേരളവും കർണാടകയും തമ്മിലെ ബന്ധം കൂടുതൽ സുഗമമാകും. നവീനവും മെച്ചപ്പെട്ടതുമായ സൗകര്യങ്ങളാണ് റെയിൽവേ ഒരുക്കിയിട്ടുള്ളത്. അടിസ്ഥാനസൗകര്യ വികസനത്തിനും വൈദ്യുതീകരണത്തിനും ദക്ഷിണ റെയിൽവേ നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
ബംഗളൂരു സ്റ്റേഷന് പുതിയ ട്രെയിനുകളെ ഉൾക്കൊള്ളാൻ പരിമിതികളുണ്ട്. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലേക്ക് ട്രെയിൻ സർവിസ് ആരംഭിച്ചാൽ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഹൂഗ്ലി-കൊച്ചുവേളി രണ്ടുദിവസം സർവിസ് നടത്തുക, തലശ്ശേരി-മൈസൂർ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കുക, ശബരിപാത യാഥാർഥ്യമാക്കുക, തിരുവനന്തപുരം-കൊച്ചി സർവിസുകൾക്ക് വേഗം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുെവച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, സി.പി. നാരായണൻ എം.പി, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, ദക്ഷിണ റെയിൽവേ അഡീ. ജനറൽ മാനേജർ പി.കെ. മിശ്ര, ഡിവിഷനൽ മാനേജർ ശിരിഷ് കുമാർ സിൻഹ, കൗൺസിലർ ഹിമ സിജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.