തൃശൂർ: ആയിരം കോടി രൂപ മുടക്കി നവീകരിച്ച സോഫ്റ്റ്വെയർ റെയിൽ തപാൽ സർവിസിനെ (ആർ.എം.എസ്) പ്രതിസന്ധിയിലാക്കി. 24 മണിക്കൂറും ലഭിച്ചു കൊണ്ടിരുന്ന ആർ.എം.എസ് സേവനം രാജ്യമാകെ ഏഴോ എേട്ടാ മണിക്കൂറിലേക്ക് ചുരുങ്ങി. പൊതുതപാൽ മേഖലയെയും സമാനവിഷയം ബാധിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ രൂപകൽപന ചെയ്ത ടാറ്റ കൺസൾട്ടൻസി സർവിസ് (ടി.സി.എസ്) ഇടപെട്ടാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. എന്നാൽ, ദിവസങ്ങളായിട്ടും അത്തരത്തിലുള്ള ഇടപെടലോ അതിനുള്ള നിർദേശമോ ഉണ്ടായിട്ടില്ല.
ബാൻഡ് വിഡ്ത്ത് കുറഞ്ഞതും വേഗതയില്ലാത്തതുമാണ് പുതിയ സോഫ്റ്റ്വെയറിെൻറ പ്രശ്നം. ഇതോടെ ആർ.എം.എസിൽ ബുക്കിങ്, ട്രാൻസ്മിഷൻ എന്നിവ സാരമായി ബാധിക്കപ്പെട്ടു. തൃശൂർ ആർ.എം.എസിൽ സേവന സമയം ഉച്ചയ്ക്ക് 1.30 മുതൽ രാത്രി എട്ടു വരെയാക്കി ചുരുക്കി. അതിന് മുമ്പും ശേഷവുമുള്ള സമയത്ത് വരുന്നവരെ ‘സേവനം ലഭ്യമല്ല’എന്ന അറിയിപ്പാണ് വരവേൽക്കുന്നത്. രജിസ്ട്രേഷൻ, പാർസൽ എന്നീ സേവനങ്ങളും ബാധിക്കപ്പെട്ടു. ബാൻഡ് വിഡ്ത്ത് മാറ്റണമെന്ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ആർ.എം.എസ് ഡിവിഷനുകളിൽനിന്ന് ആവശ്യം ഉന്നയിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
തൃശൂർ ആർ.എം.എസിൽ സെപ്റ്റംബർ 18നാണ് പുതിയ സോഫ്റ്റ്വെയർ എത്തിയത്. രാജ്യത്തെ എല്ലാ ആർ.എം.എസിലും ഏതാണ്ട് ഇതേ കാലത്താണ് വന്നത്. തപാൽ ഒാഫിസുകളിൽ രണ്ട് മാസം മുമ്പ് സോഫ്റ്റ്വെയർ പരിഷ്കരിച്ചു. അതും ടി.സി.എസിനാണ് കരാർ. അവിടെയും ഇത്ര രൂക്ഷമല്ലെങ്കിലും പ്രശ്നമുണ്ട്. കാര്യക്ഷമമായ സേവനം ലഭ്യമാവുന്ന ആർ.എം.എസിനെ ആശ്രയിച്ച് നടത്തിയിരുന്ന പല സേവനങ്ങളും ഇപ്പോൾ ലഭ്യമല്ലാതായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.