പത്തനംതിട്ട: അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഒഴിവാക്കി. രാഹുലിനെതിരെ ആരോപണവും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് കെ.പി.എം.എസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്.
സെപ്റ്റംബർ ആറിന് നിശ്ചയിച്ച പരിപാടി കെ.പി.എം.എസ് കുളനട യൂനിയൻ ആണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടകനായിട്ടാണ് രാഹുലിനെ കുളനട യൂനിയൻ തീരുമാനിച്ചിരുന്നത്.
പരിപാടിയുടെ ഭാഗമായി രാഹുലിന്‍റെ പേര് വെച്ചുള്ള പോസ്റ്ററും സംഘാടകർ അച്ചടിച്ചിരുന്നു. രാഹുലിന് പകരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിട്ടുള്ളത്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയോട് പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ നഗരസഭ ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളും ഉദ്ഘാടനച്ചടങ്ങിലേക്ക് പ്രതിഷേധക്കാർ വരാനുള്ള സാധ്യതയും കണക്കിലെടുത്ത് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ആണ് കത്തിലൂടെ ആവശ്യപ്പെട്ടത്.
ഇതേതുടർന്ന് മുനിസിപ്പൽ സ്റ്റാൻഡിന്‍റെ ഉദ്ഘാടനത്തിൽ രാഹുൽ പങ്കെടുത്തില്ല. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷ വഹിച്ച ചടങ്ങിൽ സ്ഥലം എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു വിശിഷ്ടാതിഥി. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠനായിരുന്നു ഉദ്ഘാടകൻ.
യുവനടിയുടെ ആരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കൂടാതെ, കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ കെ.പി.സി.സി സസ്പെൻഡും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.