രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഓഫിസിലെത്തിയപ്പോൾ
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിലെത്തി. വൈകിട്ട് നാലു മണിയോടെയാണ് രാഹുൽ ഓഫിസിലെത്തിയത്. കാറിലെത്തിയ രാഹുലിനെ അനുയായികൾ സ്വീകരിച്ചു. ചുണക്കുട്ടന്മാർ കൂടെയുണ്ടെന്ന് അനുയായികൾ രാഹുലിനോട് പറഞ്ഞു.
ഒന്നും പ്രതികരിക്കാനില്ലെന്നും പിന്നീട് വിശദമായി കാണാമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. താൻ പറയുന്നതിലും അപ്പുറമാണ് വാർത്തകൾ. സാധാരണ അറിയിക്കുന്നതിന് പോലെ വിവരങ്ങൾ മാധ്യമങ്ങൾ അറിയിക്കുമെന്നും രാഹുൽ പറഞ്ഞു.
മണ്ഡലത്തിൽ ഇല്ലാതിരിക്കാൻ കാര്യമില്ല. പ്രതിഷേധങ്ങളോട് നിഷേധാത്മക സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. താൻ ഒരുപാട് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള ആണ്. പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പ്രതിഷേധങ്ങളിൽ യാതൊരു ബുദ്ധിമുട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
വിവാദങ്ങൾക്കിടെ ആഗസ്റ്റ് 17ന് പാലക്കാട് നിന്നും അടൂരിലെ വീട്ടിലേക്ക് പോയ രാഹുൽ 38 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തുന്നത്. മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുന്നതിന്‍റെ ആദ്യ പടിയെന്ന നിലയിലാണ് പാലക്കാട്ടെത്തിയത്.
ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ പിന്നീടുള്ള ദിവസങ്ങളിൽ വിട്ടുനിൽക്കുകയായിരുന്നു.
രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നതിനിടെയാണ് എം.എൽ.എ മണ്ഡലത്തിലെത്തിയത്. രാഹുൽ വന്നാൽ പ്രതിഷേധിക്കുമെന്ന് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ശനിയാഴ്ച എം.എൽ.എ ഓഫിസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊതു പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും രാഹുലിനെ തുരത്തി ഓടിക്കുമെന്നുമെന്നും ബി.ജെ.പി പ്രവർത്തകർ പറയുന്നത്.
വിവാദങ്ങൾക്കിടെ രാഹുൽ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. പുലർച്ചെ നട തുറന്നപ്പോൾ നിർമാല്യം തൊഴുതതിന് ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് സുഹൃത്തുക്കൾക്കൊപ്പം രാഹുൽ മല ചവിട്ടിയത്.
ഈ മാസം 15ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനെ അവഗണിച്ച് രാഹുൽ നിയമസഭയിൽ എത്തിയിരുന്നു. സഭ തുടങ്ങി 18-ാം മിനിറ്റിൽ എം.എൽ.എ ബോർഡില്ലാത്ത കാറിന്‍റെ മുൻ സീറ്റിലിരുന്ന് രാഹുൽ നിയമസഭയുടെ കവാടം കടന്നു. ചരമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചു കൊണ്ടിരിക്കെ, സഭയ്ക്കകത്തെത്തി പുതിയ സീറ്റിലിരുന്നു. പ്രത്യേക ബ്ലോക്കിലായ രാഹുലിന്‍റെ അടുത്തേക്ക് കോൺഗ്രസുകാർ ആരും എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.