പാലക്കാട്: അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല എന്നതിനാലാണ് സി.പി.എം പത്മകുമാറിനെതിരെ നടപടി എടുക്കാത്തതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാറിനെതിരെ സി.പി.എം നടപടി എടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം.
‘അയ്യപ്പന്റെ പൊന്നു കട്ട കേസിൽ എസ്.ഐ.ടി അറസ്റ്റ് ചെയ്ത പത്മകുമാറിന് എതിരെ സി.പി.എം നടപടി എടുത്തോ? എടുത്തില്ല… നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം.
പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് എസ്.ഐ.ടിക്ക് കിട്ടിയാൽ മാത്രമേ സി.പി.എം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. പത്മകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാൻ വിജയൻ സേന വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, എസ്.ഐ.ടി ശ്രീ വിജയന്റെ നിയന്ത്രണത്തിൽ അല്ല, ബഹുമാനപ്പെട്ട ഹൈകോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ എസ്.ഐ.ടി ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേയും വാസവനെയും സഹായിക്കുന്ന എസ്.ഐ.ടി പത്മകുമാറിനെയും സഹായിക്കുമായിരുന്നു. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല… സ്വാമി ശരണം’ എന്നാണ് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.