ന്യൂഡൽഹി: ലോക്സഭയിൽ തിരിച്ചെത്താൻ സുപ്രീംകോടതി വിധിയിലൂടെ വഴി ഒരുങ്ങിയെങ്കിലും കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയ ചർച്ച അടുത്തയാഴ്ച നടക്കുമ്പോൾ രാഹുൽ അകത്തോ, പുറത്തോ എന്നതാണ് നിർണായക ചോദ്യം. തീരുമാനം എടുക്കേണ്ടത് സ്പീക്കർ ഓം ബിർലയാണ്.
രാഹുലിന് എം.പി സ്ഥാനം ഉടനടി തിരിച്ചുനൽകുന്നതിന് സ്പീക്കർക്കു മുന്നിൽ തടസ്സങ്ങളില്ല. അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കിയേ പറ്റൂ. സ്പീക്കറോട് രേഖാമൂലം ഈ ആവശ്യം ഉന്നയിക്കാൻ കോൺഗ്രസിനും രാഹുലിനും കഴിയും. സുപ്രീംകോടതി വിധി വന്നിരിക്കേ, അതിനു കാത്തുനിൽക്കാതെതന്നെ സ്വമേധയാ എം.പി സ്ഥാനം പുനഃസ്ഥാപിച്ച് രാഹുലിന് കത്തു നൽകാനും സ്പീക്കർക്ക് അധികാരമുണ്ട്.
അപകീർത്തി കേസിൽ സൂറത്തിലെ വിചാരണ കോടതി വിധി വന്നത് മാർച്ച് 23നാണ്. 24നുതന്നെ രാഹുലിനെ അയോഗ്യനാക്കി. ഇതേ വേഗം അയോഗ്യത നീക്കുന്ന കാര്യത്തിൽ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയപ്രേരണകളുണ്ടെങ്കിൽ തീരുമാനം വൈകാനാണ് സാധ്യത. രാഹുലിന് എം.പി സ്ഥാനം തിരിച്ചുനൽകേണ്ടി വരുന്നത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ്. അവിശ്വാസ പ്രമേയ ചർച്ചയിൽ അപ്രതീക്ഷിതമായി പ്രധാന പ്രതിയോഗി ലോക്സഭയിലേക്ക് കടന്നുവരുന്നത് അതിലേറെ ക്ഷീണമാണ്. അതൊഴിവാക്കാൻ ഭരണപക്ഷം ശ്രമിച്ചെന്നു വരാം. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്, അയോഗ്യനാക്കിയ അതേ വേഗത്തിൽ എം.പി സ്ഥാനം തിരിച്ചുകൊടുത്തിരുന്നില്ല. സ്പീക്കറുടെ തീരുമാനം വൈകിയതിനെ തുടർന്ന് അദ്ദേഹത്തിന് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നു. അതിനുശേഷം മാത്രമാണ് ഫൈസലിന് ലോക്സഭയിൽ തിരികെ കയറാനായത്. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചൊവ്വ മുതൽ മൂന്നു ദിവസമാണ് ചർച്ച ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ചയാണ് മറുപടി പറയുക. 2018ലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിന്റെ ലോക്സഭയിലെ പ്രസംഗവും മോദിയെ ചെന്നു കെട്ടിപ്പുണർന്നതും ഏറെ ശ്രദ്ധേയമായിരുന്നു. രാഹുൽ സഭയിൽ എത്തിയാൽ, മോദി സർക്കാറിനെതിരായ പ്രതിപക്ഷ ആക്രമണത്തിന് കടുപ്പം സ്വാഭാവികമായും കൂടും.
സുപ്രീംകോടതി വിധിവന്നതിനു പിന്നാലെ കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കറെ ചെന്നുകണ്ടു. അയോഗ്യത റദ്ദാക്കണമെന്ന് അഭ്യർഥിച്ചു. അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുലിനെ പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നതായും അറിയിച്ചു. സുപ്രീംകോടതി വിധിപ്പകർപ്പ് തന്റെ ഓഫിസിൽ കിട്ടിയ ശേഷം തീരുമാനമെടുക്കാമെന്ന മറുപടിയാണ് സ്പീക്കർ നൽകിയത്. തിങ്കളാഴ്ച ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്നും പറഞ്ഞു. ഭരണപക്ഷം സ്പീക്കറുടെ തീരുമാനം വൈകിപ്പിച്ചേക്കുമെന്ന ആശങ്ക അധീർ രഞ്ജൻ ചൗധരിക്കു പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയൂം പ്രകടിപ്പിച്ചു. രാഹുലിനെ സൂറത്തിലെ വിചാരണ കോടതി ശിക്ഷിച്ച് 24 മണിക്കൂറിനകം അയോഗ്യനാക്കി. ഗുജറാത്തിൽനിന്ന് ആ വിധിപ്പകർപ്പ് വരുന്നതിനേക്കാൾ വേഗത്തിൽ സുപ്രീംകോടതി വിധി പാർലമെന്റിൽ എത്തും. സുപ്രീംകോടതിയും പാർലമെന്റും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ അകലമേയുള്ളൂ. എന്താണ് ചെയ്യുന്നതെന്ന് കാണട്ടെ -ഖാർഗെ പറഞ്ഞു.
എം.പി സ്ഥാനത്തിനൊപ്പം ഔദ്യോഗിക ബംഗ്ലാവും രാഹുൽ ഗാന്ധിക്ക് തിരിച്ചുകൊടുക്കാൻ സർക്കാർ ബാധ്യസ്ഥം. രാഹുലിനെ അയോഗ്യനാക്കിയതിനു പിന്നാലെ തുഗ്ലക് ലെയ്നിലെ 12ാം നമ്പർ ഔദ്യോഗിക ബംഗ്ലാവിൽനിന്ന് രാഹുലിനെ കുടിയൊഴിപ്പിച്ചിരുന്നു. 2004ൽ അമേത്തിയിൽനിന്ന് പാർലമെന്റിൽ എത്തിയതുമുതൽ എം.പിയെന്ന നിലയിൽ കിട്ടിയ ഈ ബംഗ്ലാവിലായിരുന്നു രാഹുൽ. അയോഗ്യനാക്കിയതോടെ നഗരവികസന മന്ത്രാലയം കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. തുടർന്ന് സോണിയ ഗാന്ധിയുടെ 10-ജൻപഥ് ബംഗ്ലാവിലേക്ക് രാഹുലും അദ്ദേഹത്തിന്റെ ഓഫിസ് സംവിധാനവും മാറി. ഔദ്യോഗിക വസതി അനുവദിക്കേണ്ടി വരുന്ന സർക്കാർ, പഴയ 12ാം നമ്പർ വസതിതന്നെ രാഹുലിന് അനുവദിക്കാൻ ഇടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.