രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ വീട് നിർമിച്ചു നൽകണം; അപേക്ഷയുമായി ബി.ജെ.പി

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പിക്ക് വയനാട്ടില്‍ വീട് നിർമിച്ച് നൽകണമെന്ന അപേക്ഷയുമായി ബി.ജെ.പി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൽപ്പറ്റയിൽ സ്ഥലവും വീടും നൽകണമെന്നാണ് ആവശ്യം. ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റ് കെ.പി മധുവാണ് കൽപ്പറ്റ നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.

സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസായെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാൻ താമസിക്കുന്നത് 12 തുഗ്ലക് ലൈനിലെ വീട്ടിലാണ്. എന്നാൽ, അത് എന്റേതല്ല-രാഹുൽ തുടർന്നു.

സംഭാഷണത്തിനിടെ 1997​ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലവും അദ്ദേഹം ഓർത്തെടുത്തു. അന്ന് ഞങ്ങൾക്ക് താമസിക്കാൻ സർക്കാർ നൽകിയ വീട് സ്വന്തമാണെന്നാണ് ഞാൻ കരുതിയിരുന്നത്. വീട്ടിൽ വിചിത്രമായ ചില സാഹചര്യങ്ങളുണ്ടായി. അപ്പോൾ വീട് ഞങ്ങളുടെതല്ലെന്നും സർക്കാരിന്റെതാണെന്നും ഒഴിയുകയാണെന്നും അമ്മ പറഞ്ഞു. എ​​​ങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതറിഞ്ഞപ്പോൾ മുതൽ അനിശ്ചിതത്വമായിരുന്നു. ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ, യാത്രയിൽ പ​ങ്കെടുത്തവരോട് എന്താണ് എന്റെ ഉത്തരവാദിത്തമെന്ന് ചോദിച്ചു. അപ്പോഴാണ് ഈ യാത്ര തന്നെയാണ് എന്റെ വീടെന്ന ആശയം വരുന്നത്. അതിന്റെ വാതിൽ എല്ലാവർക്കു മുന്നിലും തുറന്നുകിടന്നു. ചെറിയ ആശയമായിരുന്നുവെങ്കിലും അതിന്റെ ആഴം പിന്നീട് മനസ്സിലായി-രാഹുൽ കൂട്ടിച്ചേർത്തു.

തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മനസ്സിലാക്കാൻ രാഹുൽ ഗാന്ധിക്ക് ഒരുപാട് സമയം വേണ്ടിവന്നു എന്നായിരുന്നു ഇതിനെ കുറിച്ച് ബി.ജെ.പി നേതാവായ സംബിത് പത്രയുടെ പരിഹാസം. രാഹുലിനെ പരിഹസരിച്ച് സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പി അണികളും വ്യാപകമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Rahul Gandhi should be given a house under Pradhan Mantri Awas Yojana; BJP with application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.