ചെറുവയൽ രാമേട്ടനെ പ്രകീർത്തിച്ച് രാഹുൽ ഗാന്ധി; കർഷകർ അന്നദാതാക്കളെന്നും പരാമർശം

നെൽവിത്തുകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ എന്ന വയനാട്ടിലെ കർഷകനെ പ്രകീർത്തിച്ച് രാഹുൽ ഗാന്ധി എം.പി. വയനാട്ടുകാരുടെയും കാർഷിക പ്രേമികളുടെയും രാമേട്ടൻ ആയ ചെറുവയൽ രാമ​െൻറ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിഡിയോയും രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു.

'രാമേട്ടൻ എ​െൻറ മണ്ഡലത്തിലെ കർഷകനാണ്. കൃഷി അദ്ദേഹത്തിന് വെറും ജീവിതോപാധിയല്ല. അദ്ദേഹം ആരാണെന്ന അടയാളപ്പെടുത്തൽ കൂടിയാണ്. അദ്ദേഹം കർഷകരുടെ പ്രശ്നങ്ങൾ പറയുന്നത് കേൾക്കു. നാടി​െൻറ അന്നദാതാക്കൾക്ക് സർക്കാറി​െൻറ പിന്തുണ അത്രയധികം സഹായകരമാണ്' -രാഹുൽ കുറിച്ചു.

തന്നെ പരിചയപ്പെടുത്തുന്ന വിഡിയോയിൽ ഈ നാട്ടിൽ കർഷകൻ അനാഥനായെന്നാണ് രാമേട്ടൻ പറയുന്നത്. ഇടനിലക്കാർ മൂലം കർഷകന് വിളകൾക്ക് വില കിട്ടാത്തതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'കർഷകൻ അന്നം തരുന്നവനാണ്. അവനെ കൊല്ലരുത്' എന്നും അദ്ദേഹം പറയുന്നു.

ഏകദേശം 51 ഇനങ്ങളിൽപ്പെട്ട പൈതൃകമായ നെൽവിത്തുകൾ രാമേട്ടൻ സംരക്ഷിക്കുന്നുണ്ട്. വെളിയൻ, ചേറ്റ് വെളിയൻ, മുണ്ടകൻ, ചെന്താരി, ചെമ്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിച്ചെന്നെല്ല്, ചോമാല, അടുക്കൻ, വെളുമ്പാല, പാൽവെളിയൻ, കൊടുവെളിയൻ, ഗന്ധകശാല, ജീരകശാല, കയമ, ഉരുണിക്കയമ, പാൽത്തൊണ്ടി, ഓണമൊട്ടൻ, കല്ലടിയാരൻ, ഓക്കൻ പുഞ്ച, കുറുമ്പാളി, വെള്ളിമുത്ത്, പുന്നാരൻ തൊണ്ടി, തൊണ്ണൂറാംതൊണ്ടി, തൊണ്ണൂറാംപുഞ്ച, നവര, കുങ്കുമശാലി എന്നിങ്ങനെ 51 ഇനങ്ങളിൽപ്പെട്ട വിത്തുകളുടെ സംരക്ഷകനായ ഈ ആദിവാസി കർഷകൻ നെൽകൃഷിയുടെ എൻസൈക്ലോപീഡിയ തന്നെയാണ്.

പൂർണമായും ജൈവ കൃഷിയാണ് രാമൻ പിന്തുടരുന്നത്. ചാണകവും ചാരവും തന്നെയാണ് പ്രധാന വളം. തവള, തുമ്പി, ചിലന്തി തുടങ്ങിയ മിത്രജീവികൾ കൃഷിയിടത്തിലെ കീടങ്ങളെ തിന്നുതീർക്കും. ഇതുകൂടാതെ കർപ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധം വമിക്കുന്ന ചെടികളും കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്നു.

Tags:    
News Summary - Rahul Gandhi praises Cheruvayal Ramettan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.