തിരുവനന്തപുരം: നരേന്ദ്ര മോദിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. അഴിമതിെയന്ന വാക്കുപോലും ഉച്ചരിക്കാൻ പ്രധാനമന്ത്രി മോദി തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, ഫാഷിസ്റ്റ് ശക്തികളെ എതിർക്കാൻ തയാറുേണ്ടായെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പിക്കെതിെര ദേശീയതലത്തിൽ നിലപാടെടുക്കാൻ സി.പി.എം തയാറാകുന്നില്ലെങ്കിൽ അതിെൻറ അർഥം അവർ ബി.ജെ.പിയെ പിന്തുണക്കുന്നുവെന്നായിരിക്കും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫ് പടയൊരുക്കം പ്രചാരണജാഥയുടെ സമാപനസമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷ ആശയസംഹിത അടിച്ചേൽപിച്ച് രാജ്യെത്ത വിഘടിപ്പിക്കാനാണ് ബി.െജ.പി ശ്രമം. രാജ്യത്തെ ദുർബലമാക്കുന്ന ഇൗ നീക്കത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. അമിത്ഷായുടെ മകൻ മൂന്നുമാസംകൊണ്ട് അരലക്ഷത്തിൽനിന്ന് 80 കോടി രൂപയുടെ സാമ്പത്തികനേട്ടം ഉണ്ടാക്കിയതിെനപ്പറ്റിയും റാഫേൽ വിമാന ഇടപാടിലെ ക്രമക്കേടിനെപ്പറ്റിയും ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും തന്നെയും കോൺഗ്രസിനെയും മോദി എത്രമാത്രം ആക്ഷേപിച്ചാലും രാജ്യത്തിെൻറ പ്രധാനമന്ത്രിപദത്തെ തങ്ങൾ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി. വേണുഗോപാൽ, ഘടകകക്ഷിനേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. വര്‍ഗീസ് ജോര്‍ജ്, എൻ.കെ. പ്രേമചന്ദ്രന് എം.പി, ജോണി നെല്ലൂര്‍, സി.പി. ജോൺ, ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചൻ സ്വാഗതവും ജില്ല യു.ഡി.എഫ് ചെയർമാൻ സോളമൻ അലക്സ് നന്ദിയും പറഞ്ഞു.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ യു.ഡി.എഫ് പ്രവർത്തകരെക്കൊണ്ട് സമാപന സമ്മേളനം വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം വീർപ്പുമുട്ടി. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ കാണാൻ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന പതിനായിരങ്ങൾ ഒത്തുകൂടി. പ്രതീക്ഷകൾ തെറ്റിച്ചെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർ പണിപ്പെട്ടു. നാലരയോടെ ചടങ്ങുകൾ തുടങ്ങി. 5.25ന് വെളുത്ത പൈജാമയും കുർത്തയും ധരിച്ച് രാഹുൽ ഗാന്ധി വേദിക്ക് സമീപമെത്തിയതോടെ സദസ്സ് ഇളകിമറിഞ്ഞു. സദസ്സിലേക്ക് കൈനീട്ടിയും ചുംബനമെറിഞ്ഞും വേദിയുടെ മുൻനിരയിലേക്ക് രാഹുലെത്തി. ഇതോടെ, കോൺഗ്രസ് പതാകയുടെ മാതൃകയിൽ തീർത്ത ഹൈഡ്രജൻ ബലൂണുകൾ വാനിലേക്ക് ഉയർന്നു.
ഒാഖി ദുരന്തത്തിൽപെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഒാഖി ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനം വേഗത്തിലാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
ഫാഷിസ്റ്റുകളുടെ അടിത്തറ ദുർബലമെന്ന് രാഹുൽ
തിരുവനന്തപുരം: രാജ്യത്ത് ബി.ജെ.പി നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് നിരയുടെ അടിത്തറ ദുർബലമെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബേബിജോണിെൻറ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ദേശീയ കാമ്പയിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതരചേരിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ഇനി ബി.ജെ.പിക്ക് കഴിയില്ല. സ്വയം മാർക്കറ്റിങ്ങും മസിൽപവറും പണവും കൊണ്ടാണ് ബി.ജെ.പി പിടിച്ചുനിൽക്കുന്നത്. ശബ്ദകോലാഹലം സൃഷ്ടിച്ച് ശ്രദ്ധപിടിക്കുകയാണ് അവരുടെ തന്ത്രം. രാജ്യം ഇതുപോലുള്ള വെല്ലുവിളി നേരിട്ട കാലഘട്ടമുണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തൊഴിലാളി വർഗത്തിനും സാധാരണക്കാർക്കുംവേണ്ടി നിലകൊണ്ട നേതാവായിരുന്നു ബേബിജോണെന്ന് രാഹുൽ അനുസ്മരിച്ചു. മതത്തിെൻറയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കാനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. കേരളത്തിലും അവർ ചുവടുവെക്കാൻ ഗൂഢതന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.